കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് കിളികൊല്ലൂർ സ്വദേശി നവാസ് പിടിയിൽ. കൊല്ലം ചെമ്മാമുക്കിൽ നിന്ന് വിദ്യാർത്ഥിനികൾ ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ താൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിട്ടില്ലെന്നും വിദ്യാർത്ഥിനികൾ തെറ്റിദ്ധരിച്ചതാണെന്നുമാണ് ഇയാളുടെ ഭാഷ്യം.
ഇയാളുടെ ഓട്ടോയിൽ കയറിയ വിദ്യാർഥിനികൾക്ക് അൽപ സമയം കഴിഞ്ഞപ്പോൾ സാധാരണ പോകുന്ന വഴിയല്ല എന്ന് തോന്നുകയും, ഓട്ടോ പോകുന്ന വഴി തെറ്റാണെന്ന് ഡ്രൈവറോട് പറയുകയും ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് നിർത്താൻ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യപ്പെട്ടെങ്കിലും തയ്യറായില്ല. കൂടാതെ ഇയാൾ ഓട്ടോയുടെ സ്പീഡ് കൂടെ കൂടിയതോടെ ഭയന്ന കുട്ടികൾ ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പരിക്കേറ്റ കുട്ടികൾ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവർ നവാസിനെ പിടികൂടിയത്. എന്നാൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടില്ലെന്നും ഇടവഴിയിലൂടെ പോകുമ്പോൾ വിദ്യാർഥിനികൾ പേടിച്ച് ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നുമാണ് ഇയാളുടെ ഭാഷ്യം.