ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് പേര്‍ മരിച്ചു. വിവിധ അപകടങ്ങളില്‍ 11 പേര്‍ക്ക് പരിക്കേറ്റു. നിസാമുദ്ദീന്‍ മേഖലയില്‍ ഇലക്ട്രിക് പോസ്റ്റ് വീണാണ് ഭിന്നശേഷിക്കാരനായ ഒരാള്‍ മരിച്ചത്. 22 വയസുള്ള യുവാവാണ് മരിച്ച മറ്റൊരാള്‍.
വരും മണിക്കൂറുകളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും അടക്കം ജാഗ്രത തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പല ജില്ലകളിലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡല്‍ഹിയില്‍ കനത്ത മഴയക്ക് പിന്നാലെ ആലിപ്പഴ വര്‍ഷവും അുഭവപ്പെട്ടിരുന്നു. മഴ കനത്തതോടെ വിമാന സര്‍വീസുകളെ പലതും ബാധിച്ചു. റോഡ് ഗതാഗതത്തിലും തടസ്സമുണ്ടായി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരിക്കേറ്റിരുന്നു.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്. രാത്രി 8.40നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച വരെ കനത്ത ചൂട് അനുഭവപ്പെട്ട ഡൽഹി ദേശീയ തലസ്ഥാന മേഖലയില്‍ ബുധനാഴ്ച വൈകുന്നേരം കനത്ത മഴയാണ് ലഭിച്ചത്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായി.കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറയിച്ചു.

