തൃശ്ശൂർ: ഞായറാഴ്ച അവളുടെ ഒൻപതാം പിറന്നാളായിരുന്നു. പക്ഷേ, ആഘോഷിക്കാൻ ആ കുഞ്ഞുപെൺകുട്ടി കാത്തുനിന്നില്ല. പിറന്നാൾത്തലേന്ന് സംസ്ഥാനപാതയിലെ മങ്ങാട്ട് ഉണ്ടായ അപകടത്തിൽ എല്ലാ സന്തോഷങ്ങളോടും വിടപറഞ്ഞ് യാത്രയായി. ഈസ്റ്റ് ഒറ്റപ്പാലം വടക്കേപ്പാത പുത്തൻപീടിയേക്കൽ അബ്ദുൽ സലാമിന്റെ മകൾ സുനൈനയാണ് മരിച്ചത്.
സെയ്ന്റ് ജോർജ് പള്ളിക്കുസമീപം ശനിയാഴ്ച വൈകീട്ട് 4.50-നാണ് അപകടം. എതിർദിശയിൽ വന്ന കാറുമായി സുനൈനയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒറ്റപ്പാലം പുത്തൻപീടിയേക്കൽ ഹിസാന (14), ഷാഹിദ് (21), മുഹമ്മദ് സാദിഖ് (22), ഹക്കീം, സമദ്, ഷൗജദ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബലിപെരുന്നാൾ ആഘോഷിക്കാനായി ഒറ്റപ്പാലത്തുനിന്ന് ചാവക്കാട്ടേക്ക് പോയതായിരുന്നു കുടുംബം. പിതാവിന്റെ ജ്യേഷ്ടസഹോദരൻ ഹക്കീമിനും കുടുംബത്തിനും ഒപ്പം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് യാത്ര തിരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനൈനയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ടോടെ ഈസ്റ്റ് ഒറ്റപ്പാലം ജുമാ മസ്ജിദ് കബറിസ്താനിൽ കബറടക്കി. പടിഞ്ഞാർക്കര എൽപി സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയാണ്. സുനൈനയുടെ മാതാവ്: ലത്തീഫ ഫൈറൂസ്. സഹോദരങ്ങൾ: ഹനീന, നഹാൻ.

