പരസ്പരം ചളിവാരിയെറിയുകയാണ്; ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ; ദിലീപ്

കൊച്ചി: മലയാളത്തിലെ സിനിമ സംഘടനകൾക്കുള്ളിൽ ഐക്യം ഉണ്ടാകണമെന്ന് നടൻ ദിലീപ്. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ സംഘടനയ്ക്കുള്ളിൽ സംസാരിക്കാതെ പുറത്ത് പോയി സംഘടനയ്ക്കെതിരെ കല്ലെറിയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ അല്ല, സംഘടനയ്ക്ക് അകത്താണ് ആദ്യം സംസാരിക്കേണ്ടത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും ദിലീപ് പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിലായിരുന്നു പ്രതികരണം. നടന്റെ വാക്കുകളിലേക്ക്.

‘എല്ലാവരും ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂ.. പക്ഷെ പലപ്പോഴും അത് വാക്കുകളിൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സംഘടനകൾ മാറി മാറി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേക്കുന്ന, ചളിവാരിയെറുന്ന സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചില കാര്യങ്ങൾ വരുമ്പോൾ ഒത്തൊരുമിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

പൊതുവെ സംഘടനയ്ക്ക് അകത്ത് നിന്ന് സംസാരിക്കേണ്ട കാര്യങ്ങൾ പുറത്ത് നിന്ന് സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. സംഘടനയുടെ ഭാഗമായ ഒരാൾ പുറത്ത് പോയി നിന്ന് സംഘടനയ്ക്ക് നേരെ കല്ലെറിയുമ്പോഴാണ് സംഘടനയ്ക്ക് ഉള്ളിൽ ഉള്ളവർ ഓരോ വിഷയങ്ങളും അറിയുന്നത്.

ഏതൊരു സംഘടനയുടേയും കാര്യങ്ങൾ നോക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അപ്പോൾ അവർക്ക് അവരുടേതായ സ്റ്റാന്റ് എടുക്കേണ്ടി വരും. എല്ലാ സംഘടനകൾക്കും അവരുടേതായിട്ടുള്ള നിയമങ്ങളും രീതികളുമൊക്കെ ഉണ്ടാകും. അതിന്റേതായിട്ടുള്ള പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ പുറത്തേക്ക് വരേണ്ട ശബ്ദം ഒന്നായിരിക്കണം. മറ്റൊരു അസോസിയേഷനുമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ട് അതൊന്ന് പരിഹരിക്കണം എന്ന് പറഞ്ഞ് കത്ത് നൽകണം.

ഇവിടെ ഏറ്റവും അതോറിറ്റി എന്ന് പറയുന്നത് കാശ് മുടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമായ നിർമ്മാതാക്കൾ തന്നെയാണ്. അവർ സിനിമയെടുക്കാൻ തീരുമാനിക്കുന്നത് വലിയ കാര്യമാണ്. അവർ തീരുമാനിക്കുന്നത് കൊണ്ടാണ് ജോലി ഉണ്ടാകുന്നത്, ഒരുപാട് കുടുംബങ്ങൾ മുന്നോട്ട് പോകുന്നത്. അതിനൊപ്പം തന്നെയാണ് ക്രിയേഷൻ സൈഡും, അതിന് തക്കതായിട്ടുള്ള കഥയും സംവിധാന രീതികളും സാങ്കേതിക വശങ്ങളും അങ്ങനെ ടാലന്റഡ് ആയിട്ടുള്ളവരാണ് ഉള്ളത്. ഇതെല്ലാം സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന താരങ്ങൾ, ഡിസ്ട്രൂബ്യൂട്ടേഴ്സ്, പ്രദർശനശാലകൾ ഇതെല്ലാം ചേരുന്ന കൂട്ടായ്മയാണ് സിനിമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News