ഇറാൻ ആണവോർജ ഏജൻസിയുമായി സഹകരിക്കില്ല; ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവെച്ചു

ടെഹ്‌റാൻ: അമേരിക്കൻ വ്യോമാക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി(ഐഎഇഎ)യുമായുള്ള സഹകരണം നിർത്തിവെക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉത്തരവിട്ടു.

സഹകരണം നിർത്തിവെക്കുന്നതിന് ഇറാൻ പാർലമെന്റ് പാസാക്കിയ നിയമത്തെ തുടർന്നാണ് തീരുമാനം. ഭരണഘടനാപരമായ നിരീക്ഷണ സമിതിയുടെ അംഗീകാരവും ഇതിന് ലഭിച്ചിരുന്നു.

വിയന്ന ആസ്ഥാനമായുള്ള ഐഎഇഎ ദീർഘകാലമായി ഇറാൻ ആണവ പദ്ധതി നിരീക്ഷിച്ചു വരികയായിരുന്നു. നിയമം പാസായതിന് ശേഷം ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിനായിരുന്നു ബിൽ നടപ്പാക്കുന്നതിന്റെ മേൽനോട്ടം. പെസെഷ്‌കിയാൻ കൗൺസിലിന്റെ തലവനാണ്.

ഇറാനിലെ മതഭരണത്തിന് കീഴിൽ, കൗൺസിലിന് ഉചിതമെന്ന് തോന്നുന്ന രീതിയിൽ ബിൽ നടപ്പാക്കാൻ സംവിധാനമുണ്ട്.

യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് ലോകശക്തികളുമായി ഇറാൻ ഒപ്പുവെച്ച 2015-ലെ ആണവകരാർ അനുസരിച്ച് യുറേനിയം 3.67% വരെ സമ്പുഷ്ടീകരിക്കാൻ ഇറാനെ അനുവദിച്ചിരുന്നു. ഇത് ഒരു ആണവനിലയത്തിന് ഇന്ധനം നൽകാൻ പര്യാപ്തമാണ്, എന്നാൽ, ആയുധ നിർമ്മാണത്തിന് ആവശ്യമായത് 90% സമ്പുഷ്ടീകരണമാണ്. ഇത് ഇറാനിലെ യുറേനിയം ശേഖരം ഗണ്യമായി കുറയ്ക്കുകയും സെൻട്രിഫ്യൂജുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തു.

എന്നാൽ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2018-ൽ ആദ്യഭരണകാലത്ത് കരാറിൽനിന്ന് പിന്മാറി. ഇറാൻ 60% വരെ യുറേനിയം സമ്പുഷ്ടീകരിച്ചിരുന്നതായാണ് റിപ്പോർട്ട്. ആണവായുധത്തിന് തൊട്ടരികിലാണ് ഇത്. ഒന്നിലധികം ആണവ ബോംബുകൾ നിർമ്മിക്കാൻ ആവശ്യമായത്ര ശേഖരവും ഇറാനുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ആണവോർജ്ജ നിരീക്ഷണ സമിതിയായ ഐഎഇഎയ്ക്ക് ഇത് എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന കര്യത്തിൽ വ്യക്തതയില്ല. ഏജൻസി ഇറാന്റെ തീരുമാനത്തിൽ പ്രതികരിച്ചിട്ടുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News