ധാക്ക: ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ പുകഴ്ത്തി നൊബേല്‍ സമ്മാനജേതാവും രാജ്യത്തെ ഇടക്കാലസര്‍ക്കാരിലെ മുഖ്യഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ്. ഇത് വിദ്യാര്‍ഥികള്‍ നയിച്ച വിപ്ലവമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റത്. ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും തന്റെ കടമകൾ ആത്മാർഥമായി നിർവഹിക്കുമെന്നും അധികാരമേറ്റ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.
ഒടുവില്‍ ഈ നിമിഷമെത്തി. മോണ്‍സ്റ്റര്‍ പോയി- ഷെയ്ഖ് ഹസീനയെക്കുറിച്ച് യൂനുസ് പറഞ്ഞു. സര്‍ക്കാരിനെ നയിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. എടുക്കുന്ന തീരുമാനങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടുമെന്നും ചിലര്‍ക്ക് ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധം, വിദ്യാഭ്യാസം, പൊതുഭരണം, ഊർജം, ഭക്ഷ്യം, ജലവിഭവം, വിവരവിനിമയം തുടങ്ങി 27 വകുപ്പുകളുടെ ചുമതല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ യൂനുസിനാണ്. നയതതന്ത്രജ്ഞനായ മുഹമ്മദ് തൗഹിദ് ഹുസൈനാണ് വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. 2006 മുതൽ 2009 വരെ വിദേശകാര്യസെക്രട്ടറിയായിരുന്നു ഹുസൈൻ. 2001 മുതൽ 2005 വരെ കൊൽക്കത്തയിൽ ബംഗ്ലാദേശിന്റെ ഉപസ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്. മുൻസൈനിക ജനറലായ എം. ഷെഖാവത്ത് ഹുസൈനാണ് ആഭ്യന്തരവകുപ്പ് ലഭിച്ചത്.
വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെയാണ് ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലായത്. ആഭ്യന്തരസംഘർഷങ്ങളെത്തുടർന്ന് വഷളായ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് കാവൽസർക്കാർ പ്രഥമപരിഗണന നൽകുമെന്ന് ആഭ്യന്തരവകുപ്പേറ്റെടുത്ത് ഷെഖാവത്ത് ഹുസൈൻ പറഞ്ഞു. സുരക്ഷാ ഏജൻസികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാണ് രണ്ടാം പരിഗണന. ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കുനേരേ ആക്രമണം വർധിക്കുന്നതിലുള്ള കാവൽസർക്കാരിന്റെ ആശങ്കയും ഹുസൈൻ രേഖപ്പെടുത്തി.