കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ജ്യൂസ് മൗലവി എന്ന് അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതാണ് റഹ്മത്തുള്ള ഖാസിമി മൂത്തേടം. ജ്യൂസ് യഹൂദന്മാരാണ് ഉണ്ടാക്കിയതെന്നും അത് കൂടിക്കരുതെന്നും ഒരു പ്രസംഗത്തിൽ പറഞ്ഞതിന്റെ പേരിൽ ഇയാളെ സോഷ്യൽ മീഡിയ എയറിലാക്കിയിരുന്നു. ഇപ്പോഴിതാ ബ്രസീൽ സൂപ്പർ താരം നെയ്മറിനെ, പെണ്ണുപിടിയനെന്നും, വിദ്യാഭ്യാസമില്ലാത്തവനെന്നും, കള്ളുകുടിയനെന്നും പറഞ്ഞ് അധിക്ഷേപിക്കുന്ന ഖാസിമിയുടെ മറ്റൊരു പ്രസംഗ ശകലം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കയാണ്. ഇതോടെ ഈ ഇസ്ലാമിക പണ്ഡിതനെതിരെ അതിരൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. നെയ്മർ എന്ന മഹാനായ ഫുട്ബോൾ പ്രതിഭയുടെ വ്യക്തിജീവിതത്തിൽ തലയിടുന്നതിന് പകരം, നമ്മുടെ നാട്ടിലെ ഉസ്താദുമാർ കുട്ടികൾക്ക് നേരെ നടത്തുന്ന ലൈംഗിക പീഡനം തടയാൻ ഖാസിമിക്ക് ശ്രമിച്ചുകൂടെ തുടങ്ങിയ രൂക്ഷമായ വിമർശനങ്ങളാണ് ഇദ്ദേഹത്തിന് നേരെ ഉയരുന്നത്.
ഈ ലോകകപ്പ് തുടങ്ങിയശേഷം ഇത് എത്രയോ തവണയാണ്, ഇസ്ലാമിക പണ്ഡിതർ ഫുട്ബോൾ താരങ്ങൾക്കെതിരെ രംഗത്ത് എത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. തുടകാണിച്ചുകൊണ്ടുള്ള ഫുട്ബോൾ കളി അനിസ്ലാമികം ആണെന്നും ഇത്തരക്കാരുടെ കട്ടൗട്ട് വെക്കുന്നവർക്ക് നരകതത്തിൽ ശിക്ഷ കിട്ടുമെന്നുമായിരുന്നു, മുജാഹിദ് പണ്ഡിതൻ റഫീഖ് സലഫി പറഞ്ഞിരുന്നത്. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ആകട്ടെ, അമിതമായ ഫുട്ബോൾ ഭ്രാന്ത് നിയന്ത്രിക്കണമെന്നും യുവാക്കൾ നിസ്‌ക്കാര അടക്കമുള്ള കാര്യങ്ങളിൽനിന്ന് വിട്ട് നിൽക്കരുത് എന്നും പറഞ്ഞിരുന്നു. അതുപോലെ പോർച്ചുഗൽ അടക്കമുള്ള അധിനിവേശരാജ്യങ്ങളുടെ പതാക സ്ഥാപിക്കുന്നതിനെതിരെ നാസർ ഫൈസി കൂടത്തായി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കൂടെയാണ് ഇപ്പോൾ റഹ്മത്തുള്ള ഖാസിമിയുടെ നെയ്‌ര്മർ അധിക്ഷേപവും ഉണ്ടായിരിക്കുന്നത്.
നൗഷാദ് ബാഖവിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. ‘ആരാണ് നെയ്മർ, നെയ്മർ ദസിൽവാസ് സാന്റോസ് ജൂനിയർ, എന്നാണ് അയാളുടെ മുഴുവനും പേര്. 1992 ഫെബ്രുവരി അഞ്ചിന് ബ്രസീലിലെ മോദിഡാസ്‌ക്രൂഡെസിൽ ജനി ച്ചു. 1999ൽ കളി ആരംഭിച്ചു, 7ാം വയസ്സിൽ. അടിസ്ഥാന വിദ്യാഭ്യാസമില്ല. കള്ളുകുടിക്കാനറിയാം, നെയ്മറിന്. ഇവർ മുഴുവനും പച്ച കുത്തിയവർ ആണ്. വലത്തെ ചുമലുമുതൽ, താഴെവരെ ഒരു പെണ്ണിന്റെ മുടി അഴിച്ചിട്ട രൂപം പച്ച കുത്തിയിരിക്കയാണ്. ഇവർ മൊത്തം പച്ചകുത്തിയവർ ആണ്. പച്ചകുത്തുന്നുവർക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. ഇതൊന്നും ഇവർക്ക് ബാധകമല്ല. അടിസ്ഥാന വിവരംപോലും ഇവർക്കില്ല. 30 വയസ്സ്. 18 സ്ത്രീകൾ ഭാര്യമാരായിട്ടുണ്ട്. എക്സ് ഗേൾ ഫ്രണ്ടസ്. ഒരു പെണ്ണിൽ കുട്ടി ജനിച്ചിട്ടുമുണ്ട്. പതിനെട്ട് ഭാര്യമാർ ഇപ്പോഴുണ്ട്, 2021ലെ കണക്കാണിത്. പിന്നീട് എത്രയാണെന്ന് അറിയില്ല. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ സണ്ണിൽ 2021 എപ്രിൽ 10ന് വന്ന റിപ്പോർട്ട് ആണിത്. എന്താ റിപ്പോർട്ട്. പ്ലേബോയ്, പ്ലേബോയ്… പ്ലേബോയ് എന്ന പ്രയോഗം തന്നെ, ഒരു പെണ്ണിന്റെ ശരീരത്തിൽനിന്ന് അടുത്തപെണ്ണിലേക്ക് ചാടുന്ന യുവാക്കൾക്ക്, ഇംഗ്ലീഷുകാർ വിളിക്കുന്ന പേരാണ്. കളിയൻ… കളിയൻ. പ്ലേബോയിയും ഒരു പെണ്ണിൽനിന്ന് മറ്റൊരു പെണ്ണിലേക്ക് ചാടി നടക്കുന്നവനും, പിസ്ജി ക്ലബിന്റെ സ്റ്റാറുമായ നെയ്മറിന്റെ ഗേൾഫ്രണ്ടുമാരുടെ മാലയാണ് ഇവർ കൊടുത്തിരിക്കുന്നത്. മാല എന്ന് നമ്മൾ പറയുന്നത് ഒരുപാട് എണ്ണത്തിനാണ്. ”- ഇങ്ങനെയാണ് റഹ്മത്തുള്ള ഖാസിമി നെയ്മറിനെ ആക്ഷേപിക്കുന്നത്.
നേരത്തെ ജ്യൂസ് കണ്ടുപിടിച്ചത് യഹൂദന്മാരാണെന്നും അതിനാൽ അത് കുടിക്കരുതെന്നും റഹ്മത്തുള്ള ഖാസിമി ത പറയുന്നത് വൻ വിവാദമായിരുന്നു. ഖാസിമിയുടെ പ്രചരിക്കുന്ന പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെയാണ്.” തിന്നുന്നത് എന്ത് വേണം പറ. ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്. എന്തുകൊണ്ട്, പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കില്ല. ജ്യൂസ് എന്നഒരു വർഗമുണ്ടല്ലോ. അവർ നമ്മുടെ ശത്രുക്കളല്ലേ. അവരാണ് ജ്യൂസ് കണ്ടുപിടിച്ചത്. ജ്യൂസ് എന്നാൽ യഹൂദന്മാർ. ജ്യൂസ് കൊണ്ടുന്നവർ ആരാ. ജ്യൂസ്. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. ജ്യൂസ് ലോകത്ത് പണ്ടുണ്ടായിരുന്നില്ല. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നവർ ആരാ. ജ്യൂസ്. യഹൂദന്മാർ. ജ്യൂസ് കഴിക്കാനേ പാടില്ല”- ഇതോടെയാണ് അദ്ദേഹത്തിന് ജ്യൂസ് മൗലവി എന്ന വിളിപ്പേര് വീണത്.
എന്നാൽ ഇപ്പറഞ്ഞതൊന്നും പൊട്ട അബദ്ധങ്ങൾ ആണ് എന്നതാണ് വസ്തുത. ജ്യൂസ് എന്നത് യഹൂദന്മാരുടെ കണ്ടെത്തൽ അല്ല. അത് മിഡിൽ ഈസ്റ്റിൽ കൊണ്ടുവന്നവരും അവർ അല്ല. ജ്യൂസിന് ഒരു പിതാവിന്റെ ആവശ്യമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരാണികകാലം തൊട്ടെ പഴച്ചാറുകൾ ഉപയോഗിക്കുന്നുണ്ട്. പഴം വെള്ളത്തോട് യോജിക്കില്ല എന്ന് ഖാസിമി പറഞ്ഞതും പൊട്ടത്തെറ്റാണെന്ന് വസ്തുക. ഇതോടെ നവമാധ്യമങ്ങളിൽ ട്രോളുകളും സജീവമാണ്. ‘ബിയർ കണ്ടെത്തിയത് ബീരാൻ, അതിനാൽ കുടിക്കാം’ എന്നൊക്കെയായ ട്രോളന്മാർ ഖാസിമിയെ എടുത്തു കുടയുകയാണ്.
ഖസാക്കിന്റെ ഇതിഹാസവും രണ്ടാമൂഴവുമൊക്കെ അശ്ളീല പുസ്തങ്ങൾ ആണെന്നും ഇതൊന്നും വായിക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസംഗം വൻ വിവാദമായിരുന്നു. ഖസാക്കിലെ രവി സ്ത്രീകളെ വ്യഭിചരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവൻ ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതുപോലെ തന്നെ കോണി സ്വർഗത്തിലേക്കുള്ള വഴിയാണെന്നും, സത്രീകൾ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് അനിസ്ലാമികമാണെന്നും പറഞ്ഞത് അദ്ദേഹത്തിന് തിരുത്തേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്.
‘കോണി സ്വർഗത്തിലേക്കുള്ള കോണിയാണ് എന്ന് ഞാൻ ഒരുസ്ഥലത്ത് പ്രസംഗിച്ചത് വാട്‌സ്ആപ്പിൽ ആരോ വലിയ വിഷയമാക്കിയെന്നുകേട്ടു. ഞാനത് പറഞ്ഞത് നിങ്ങൾ വളരെ ഗൗരവമായി അത് ചിന്തിക്കണം. ഞാനൊരു ലീഗിന്റെ ലാഭംകൊണ്ട് ജീവിക്കുന്ന ആളല്ല. ഞാൻ ലീഗുകൊണ്ട് ഭൗതികമായ ലാഭം ഇന്നുവരെ കിട്ടിയിട്ടില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. ഒരു പ്രതിസന്ധിഘട്ടംപോലും എനിക്കുണ്ടായിട്ടുണ്ട്. ലീഗിന്റെ ഒരു സഹായംതേടിയിട്ടുമില്ല എന്നെ സഹായിച്ചിട്ടുമില്ല. എനിക്ക് അത് ആവശ്യവുമില്ല.
ഞാനിത് ഉദേശിക്കുന്നത് ലീഗിന്റെ കോണി ബഹുമാനപ്പെട്ട പൂക്കോയതങ്ങൾ ചാരിയകോണിയാണ്. അത് സ്വർഗത്തിലേക്കുള്ള കോണിയാണ്. പൂക്കോയതങ്ങൾ ഈ ഉമ്മത്തിന്റെ ഒരു വലിയ്യാണ് എന്ന് എന്റെ വിശ്വാസമാണ്. എനിക്ക് ഇവിടെ എന്റെ വിശ്വാസം കൊണ്ടുനടക്കാനുള്ള സ്വാതന്ത്യമുണ്ട്. ബാഫഖിതങ്ങൾ ചാരിയ കോണിയാണ്. അതും സ്വർഗത്തിലേക്കുള്ള കോണിയാണ്. ഇസ്മാഇൽ സാഹിബ് ചാരിയ കോണിയാണ്. അതും സ്വർഗത്തിലേക്കുള്ള കോണിയാണ് എന്നാണ് എന്റെ വിശ്വാസം. കാരണം അവരൊക്കെ ദുനിയാവിന് വേണ്ടി അധ്വാനിച്ചവരല്ല. ഉള്ളതെല്ലാം സമുദായത്തിന് നൽകി സമുദായത്തിന് വേണ്ടി സമർപിച്ചു. ഉപ്പ് വെള്ളത്തിൽ ലയിച്ചതുപോലെ സമുദായത്തിന് വേണ്ടി ഉരുകിത്തീർന്ന് മരിച്ചുപോയ ആളുകളാണ്. അവർ ചാരിയ കോണിയാണ് ഞാനീകാണുന്ന കോണി. അത് പാണക്കാട് സയ്യിദ് കുടുംബം പിടിക്കുന്ന കാലത്തോളം ഞാനത് പിടിക്കും. കാരണം അത് എന്താണെങ്കിലും തമ്മിൽഭേദവുമാണ്. അവർ മുത്ത് നബിയുടെ പേരക്കുട്ടികളാണ്. പിന്നെ ഇവിടെ കേരളീയ നേതൃത്വത്തിൽ ഇന്ന് പാണക്കാട് നേതൃത്വത്തെപ്പോലെ സാമൂഹ്യരംഗത്ത് നേതൃത്വമാക്കാൻ പറ്റിയ ഒരു വിഭാഗം ഇല്ല എന്ന് എനിക്ക് ഉറച്ചവിശ്വാസം ഉണ്ട്.’- ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം തടിയൂരിയത്.
മുസ്ലിം സ്ത്രീകൾ തെരഞ്ഞെുടുപ്പിൽ മൽസരിക്കുന്നത് അനിസ്ലാമികമാണെന്ന് പറഞ്ഞും ഇയാൾ വിവാദത്തിൽപെട്ടു. പക്ഷേ പിന്നീട് അദ്ദേഹം ഇത് തിരുത്തി. നിലവിലെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ഉണ്ടാക്കിയത് മുസ്ലീങ്ങൾ അല്ലെന്നും അതിനാൽ ഇസ്ലാമിക പ്രബോധനം നൽകിയതിനുശേഷം സ്ത്രീകളെ ഇവിടെ തെരഞ്ഞെടുപ്പ് രംഗത്ത് ഇറക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു