സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു; താമസസ്ഥലം വയലറ്റ് നിറം, പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം
തിരുവനന്തപുരം : സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.
22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിൽ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറവും നൽകിയിട്ടുണ്ട്
സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫർ മേഖലയിൽ ആണ്. വയനാട് കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ട്.കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് ചക്കിട്ടപാറ മേഖലകൾ ബഫർ സോണിലാണ് . ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പിൽ ലഭ്യമാണ് .
ബഫർ സോണിൽ ഇത്രയേറെ ജനവാസ കേന്ദ്രങ്ങൾ ഉണ്ടെന്നു കോടതിയെ അറിയിക്കാൻ ആണ് ശ്രമം എന്നാണ് സർക്കാർ വിശദീകരണം. മാപ്പിൽ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടാലും ആശങ്ക വേണ്ടെന്നും സർക്കാർ അറിയിച്ചു.
ബഫർസോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത് .വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനും നിർദേശം ഉണ്ട്
പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട് .പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.