ചണ്ഡീഗഡ്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും യുവരാജ് ബിജെപി ടിക്കറ്റില്‍ ലോക്സഭിലേക്ക് മത്സരിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയത് ഇതിന്‍റെ മുന്നോടിയായെന്നാണ് സൂചന.
നിലവില്‍ നടന്‍ സണ്ണി ഡിയോളാണ് ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപി. എന്നാല്‍ മണ്ഡലത്തില്‍ എത്താത്ത സണ്ണി ഡിയോളിനെതിരെ ജനവികാരം ശക്തമാണ്. അതിനാലാണ് പുതുമുഖത്തെ പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് നടന്‍ വിനോദ് ഖന്നയുും മുമ്പ് പാര്‍ലമെന്‍റില്‍ ഗുരുജാസ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പിലും നിര്‍ണായക പങ്കുവഹിച്ചത്. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവരാജ് ആയിരുന്നു ടൂര്‍ണമെന്‍റിലെ താരം.
ലോകകപ്പിന് പിന്നാലെ ക്യാന്‍സര്‍ ബാധിതനായ യുവരാജ് ചികിത്സയിലൂടെ രോഗമുക്തി നേടിയതിനുശേഷം വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുകയും ചെയ്തു. വിരമിച്ചശേഷം ക്രിക്കറ്റ് കമന്‍റേറ്ററായും യുവി തിളങ്ങിയിരുന്നു.
ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിദ്ദുവും ബിജെപിയില്‍ തിരിച്ചെത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അമൃത്സറില്‍ നിന്നാകും സിദ്ദു മത്സരിക്കുക എന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് വിഞ്ജാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.