കായംകുളം: രണ്ടു മാസം മാത്രമാണ് അനില്‍ കുമാര്‍ എം.എ യൂസഫലിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തത്. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തില്‍, കാഴ്ച നഷ്ടപ്പെട്ട തന്നെ സഹായിക്കാന്‍ യൂസഫലിയെത്തുമെന്ന് ഈ 45കാരന്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല.
ഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്യുന്നതിനിടെയാണ് കായംകുളം കരീലക്കുളങ്ങര സ്വപ്നാലയത്തില്‍ അനില്‍ കുമാറിന് കാഴ്ച നഷ്ടമാകുന്നത്.കടുത്ത പ്രമേഹമാണു വില്ലനായത്.
പിന്നീട് ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സാ സംവിധാനമൊരുക്കി. ഇന്‍ഷുറന്‍സിനു പുറമേ ചികിത്സയ്ക്കായി 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവച്ചു. നാട്ടിലേക്കു പോകണമെന്ന് അനില്‍കുമാര്‍ അറിയിച്ചപ്പോള്‍ വിമാന ടിക്കറ്റും അഞ്ചര ലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്നു നല്‍കി. പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് കൈമാറിയത്.
ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനില്‍ കുമാറിനു നല്‍കി. ചികിത്സയ്ക്കു പുറമേ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനുള്‍പ്പെടെ അനില്‍ കുമാര്‍ ബുദ്ധിമുട്ടുന്നത് അറിഞ്ഞാണ് മുന്‍ ജീവനക്കാരനു വേണ്ടി യൂസഫലി വീണ്ടും ഇടപെട്ടത്.
മകള്‍ അപര്‍ണ മംഗളൂരുവില്‍ ബിസിഎക്ക് പഠിക്കുകയാണ്. അപര്‍ണയുടെ പഠനം മുടങ്ങാതിരിക്കാന്‍ 5 ലക്ഷം രൂപയുടെ സഹായം ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് അനില്‍കുമാറിന്റെ വീട്ടിലെത്തി കൈമാറി.