യുക്രൈനില്‍ യുദ്ധം നടത്തുന്ന റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും. റഷ്യന്‍ സര്‍ക്കാരിന്റെ യൂട്യൂബ് ചാനലായ ആര്‍ടി, മറ്റ് റഷ്യന്‍ ചാനലുകള്‍ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല.
റഷ്യന്‍ ചാലനുകള്‍ ഇനി റെക്കമെന്‍ഡേഷനായി വരില്ലെന്നും അയുടെ റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. ആര്‍ടി ഉള്‍പ്പെടെയുള്ള റഷ്യന്‍ ചാനലുകള്‍ യുക്രൈനില്‍ ലഭ്യമാകില്ല.
യുക്രൈന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. 2018 വരെയുള്ള രണ്ട് വര്‍ഷക്കാലത്ത് റഷ്യ യൂട്യൂബില്‍ നിന്ന് മാത്രം സംബാധിച്ചത് 7 മില്യണ്‍ ഡോളറിനും 32 മില്യണ്‍ ഡോളറിനുമിടയിലായിരുന്നു. കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെ റഷ്യയ്ക്കെതിരായ നടപടികള്‍ കടുപ്പിച്ച് ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു.
റഷ്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്കാണ് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകള്‍ക്കും ചാനലുകള്‍ക്കും ഫേസ്ബുക്കില്‍ നിന്നുള്ള മൊണറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ നതാനിയേല്‍ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നാണ് റഷ്യയുടെ ടെക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ പ്രതികരിച്ചത്. വിലക്കിന്റെ വ്യക്തമായ കാരണങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ മെറ്റയ്ക്ക് കത്തയച്ചിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും മെറ്റ അവഗണിച്ചെന്നും റഷ്യ അറിയിച്ചു.
റഷ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലുകളില്‍ നിന്ന് പുറത്തെത്തുന്ന വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിത്തുടങ്ങിയത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൗരന്മാര്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ല പ്രതികരണമായാണ് മൊണറ്റൈസേഷന്‍ നിര്‍ത്തലാക്കി ഫേസ്ബുക്ക് തിരിച്ചടിച്ചത്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സ്വതന്ത്ര ഫാക്ട് ചെക്ക് നിര്‍ത്തണമെന്ന് റഷ്യ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനും ഫേസ്ബുക്ക് വഴങ്ങിയിരുന്നില്ല. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള നാല് വാര്‍ത്താ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ക്കെതിരെയായിരുന്നു ഫേസ്ബുക്ക് പ്രധാനമായും കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിയിരുന്നത്.
അതേസമയം യുക്രൈനില്‍ റഷ്യയുടെ സൈനിക നടപടി നാലാം ദിവസവും തുടരുന്നു. രാജ്യത്ത് രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ശനിയാഴ്ച രാത്രിയും ഉഗ്ര പോരാട്ടം നടന്നു. കീവിലും കാര്‍കീവിലും സ്ഫോടനങ്ങള്‍ നടന്നു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയിലും സ്ഥിതി ഗുരുതരമാണ്. യുക്രെയ്ന്‍ സൈന്യം തടഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതിര്‍ത്തി കടക്കാനെത്തിയവരെ യുക്രെയ്ന്‍ സേന തടഞ്ഞു. മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ലാത്തിച്ചാര്‍ജ് നടത്തി. സൈന്യം ആകാശത്തേക്ക് വെടിവച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.