അരൂര്‍: നാട്ടിന്‍പുറങ്ങളിലെ സ്ഥിരം കലാപരിപാടികളില്‍ ഒന്നാണ് കല്യാണം മുടക്കല്‍. ചെറുക്കനെയോ പെണ്ണിനെയോ കുറിച്ച് അന്വേഷിക്കാന്‍ വരുമ്പോള്‍ അവരോട് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പിടിപ്പിച്ച് കല്യാണം മുടക്കുന്നത് ചിലരുടെ സ്വഭാവമാണ്. ഒട്ടുമിക്ക നാട്ടിന്‍പുറങ്ങളിലും ഇത് നടക്കുന്നുമുണ്ട്.
ഇത്തരം കല്ല്യാണം മുടക്കികള്‍ക്ക് എതിരെ പ്രകടനം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. അരൂരിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് കല്യാണം മുടക്കികള്‍ക്ക് എതിരെ പ്രകടനം നടത്തിയത്. പെണ്‍വീട്ടുകാര്‍ അന്വേഷണത്തിനെത്തുമ്പോള്‍ ദുരാരോപണങ്ങള്‍ പറഞ്ഞ് വിവാഹം മുടക്കുന്നുവെന്നാണ് ചെറുപ്പക്കാരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിലും ഇവര്‍ പരാതി നല്‍കി.
കഴിഞ്ഞദിവസം ഒരു യുവാവിനെപ്പറ്റി പെണ്‍വീട്ടുകാര്‍ അരൂരിലെ ഒരാളോട് ഫോണില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞെന്നാണ് ആരോപണം. ഇതിന്റെ വോയ്സ് മെസേജ് സഹിതമാണ് യുവാവ് പോലീസില്‍ പരാതിനല്‍കിയത്.
സംഭവത്തില്‍ നാദാപുരം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് യുവാക്കളുടെ പ്രകടനം നടന്നത്. ഇത്തരക്കാരുടെ തനിനിറം പൊതുജനങ്ങള്‍ മനസ്സിലാക്കണമെന്ന് യുവാക്കള്‍ പറഞ്ഞു.