തളിപ്പറമ്പ്: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി ഒന്‍പതുപേര്‍ക്കു പരുക്ക്. കാട്ടി അഷറഫ് (36), കെ.വി അമീര്‍ (36) എന്നിവര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും എം.വി ഫാസില്‍ (36), കെ. ഉസ്മാന്‍ (38), കെ.പി നൗഷാദ് (37), കെ.എസ് ഇര്‍ഷാദ്, എ. മുസ്തഫ, ടി.കെ മന്‍സൂര്‍, സുബൈര്‍ മണ്ണന്‍ എന്നിവര്‍ ലൂര്‍ദ് ആശുപത്രിയിലും ചികിത്സതേടി. ഇന്നലെ രാത്രി 7.30ഓടെ പുഷ്പഗിരിയിലും രാത്രി 10.30ഓടെ ലൂര്‍ദ് ആശുപത്രി പരിസരത്തുമായിരുന്നു സംഘട്ടനം.
പുഷ്പഗിരി ശാഖാ കമ്മിറ്റി യോഗം നടക്കവെ ഒരുസംഘം ആളുകള്‍ യോഗത്തിലേക്ക് അതിക്രമിച്ചുകയറി മര്‍ദിച്ചതായാണു ലൂര്‍ദ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്. എന്നാല്‍ മേല്‍കമ്മിറ്റിയെ അറിയിക്കാതെ യോഗം ചേര്‍ന്നതു ചോദ്യംചെയ്തപ്പോള്‍ തങ്ങളെ മര്‍ദിച്ചതായി മറുവിഭാഗവും പറയുന്നു. വിവരമറിഞ്ഞെത്തിയ എസ്.ഐ കെ.പി ഷൈനും സംഘവുമാണ് പുഷ്പഗിരിയില്‍ ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.
ഇവിടെയുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റ രണ്ടുപേരെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ഇറങ്ങി വന്നവര്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചുവെന്നാണ് ഒരുവിഭാഗം പറയുന്നത്.
എന്നാല്‍ ആശുപത്രിയിലേക്കു വന്നവരെ തടഞ്ഞപ്പോഴാണു സംഘര്‍ഷമുണ്ടായതെന്നു മറുവിഭാഗം വ്യക്തമാക്കി. സംഘടനയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണു സംഘട്ടനത്തിനു കാരണമെന്നു പൊലിസ് പറഞ്ഞു. പുഷ്പഗിരി സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളില്‍ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ പൊലിസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.