തിരുവനന്തപുരം:തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്‍ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന 19 വാഹനങ്ങള്‍ അടിച്ചുതകർത്ത യുവാവ് പിടിയിൽ.പൂജപ്പുര സ്വദേശി എബ്രഹാമാണ് പിടിയിലായത്. എബ്രഹാം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ കയറി വാഹനങ്ങൾ അടിച്ച് തകർത്തത് വീട്ടകാരുമായി വഴക്കുണ്ടാക്കിയതിലെ അരിശം തീർക്കാൻ. കുറ്റം ചെയ്തതായി എബ്രഹാം സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു. 18കാരനായ എബ്രഹാം കഴിഞ്ഞ ദിവസം വീട്ടുകാരോട് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വീട് വിട്ട് ഇറങ്ങുകയും ചെയ്തു.
ലഹരി ഉപയോഗിച്ചിരുന്ന പ്രതി തമ്പാനൂർ ഭാഗത്ത് എത്തിയ ശേഷം റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് പാർക്ക് സോണിൽ എത്തുകയും കൈയിൽ കിട്ടിയ കല്ലുപയോഗിച്ച് കണ്ണിൽ കണ്ട വാഹനങ്ങളെല്ലാം തകർക്കുകയുമായിരുന്നു. പ്രതിക്ക് മോഷണം നടത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഇതുവരെ ഒരു വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ള മറ്റൊന്നും നഷ്ടപ്പെട്ടതായി പരാതിയില്ല.
സുരക്ഷിത സ്ഥലമെന്ന കരുതി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാർ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തർത്തത് ശ്രദ്ധിക്കുന്നത്. ഒരു വാഹനത്തിന്‍റെ സീറ്റിൽ രക്തക്കറയുണ്ട്. ഒരു വാഹനത്തിനുള്ളിൽ നിന്നും മ്യൂസിക് സ്റ്റിസ്റ്റം പുറത്തേക്ക് എടുത്തിട്ടിരുന്ന നിലയിലാണ്.
സൺഗ്ലാസ് ഉൾപ്പെടെയുള്ള ചില സാധനങ്ങൾ മാത്രമാണ് നഷ്ടമായത്. മറ്റ് കാറുടമകൾ കൂടി എത്തിയാൽ മാത്രമേ കൂടുതൽ അറിയാൻ കഴിയുകയുള്ളൂ. കാറുകളിൽ നിന്ന് എടുത്ത സാധനങ്ങൾ നശിപ്പിച്ചുവെന്ന് പ്രതി പോലീസിന് മൊഴിയും നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് വീട്ടിലെത്തിയാണ് പിടികൂടിയത്. പോലീസ് എത്തുമ്പോൾ എബ്രഹാം വീട്ടിൽ തന്നെയുണ്ടായിരുന്നു.
വീട്ടുകാരുമായി പ്രശ്നമുണ്ടാക്കിയതിലെ മാനസിക പ്രശ്നം കാരണമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് എബ്രഹാം പോലീസിനോട് പറഞ്ഞു. വഴക്കുകൂടിയ ശേഷം എബ്രഹാം വീട് വിട്ട് പുറത്തേക്ക് പോയിരുന്നുവെന്ന് വീട്ടുകാരും സമ്മതിച്ചു. പ്രതി എന്ത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളൂ.
പക്ഷെ ഇത്രയും കാറുകള്‍ നശിപ്പിച്ചിട്ടും കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാർ വിവരം അറിഞ്ഞില്ല. പാർക്കിങ്ങിന് പണം വാങ്ങുന്ന സ്ഥലത്തിന്‍റെ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന വാഹനം അടിച്ചുതകർത്തിട്ടും ജീവനക്കാർ അറിഞ്ഞില്ല. പാർക്കിംഗ് ഗൗണ്ടിന്‍റെ ഒരു ഭാഗത്ത് ചുറ്റുമതിലുമില്ല. ഇതുവഴി ആർക്ക് വേണെങ്കിലും ഇവിടേക്ക് പ്രവേശിക്കാം. കാറുകൾ നശിപ്പിച്ചതിലെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം റെയിൽവേയും പാർക്കിങ് കരാറെടുത്തവരും തമ്മിലുള്ള ധാരണയനുസരിച്ച് കൈക്കൊള്ളുമെന്നും പോലീസ് പറഞ്ഞു.