ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ആലപ്പുഴ സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ (24) ആണ് അറസ്റ്റിലായത്. പട്ടാളത്തിലാണ് ജോലി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി പരാതിക്കാരിൽ നിന്ന് പണം തട്ടിയെടുത്തത്. പകുതി പണം നാട്ടിൽ വച്ചും ബാക്കി തുക ദില്ലിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച് വരുത്തിയതിന് ശേഷവുമാണ് കൈക്കലാക്കിയത്. പട്ടാള വേഷത്തിൽ വന്ന് പരാതിക്കാരിൽ നിന്നും പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി.
പണം നൽകിയ ആളുകൾ ജോലി കിട്ടാതെ വന്നതിനെ തുടർന്നാണ് സ്റ്റേഷനിൽ പരാതിയുമായി വന്നത്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ സൗത്ത് ഐ എസ് എച്ച് ഒ എസ്. അരുൺ എസ് ഐ രജിരാജ്, എ എസ് ഐ മോഹൻകുമാർ, ബി ലേഖ, എസ് സി പി ഒ ബിനോജ്, സി പി ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
എറണാകുളം ടാഗോർ സ്ട്രീറ്റിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽനിന്നും നാലര പവൻ മാലമോഷ്ടിച്ച കേസിൽ കോഴിക്കോട് സ്വദേശി ഹാജിറ അബ്ദുള്ള എന്ന യുവതി പിടിയിലായി. മോഷ്ടിച്ചെടുത്ത സ്വർണ്ണ മാലയ്ക്ക് പകരം അതേ മോഡലിലുളള മുക്കുപണ്ടം പകരം വെക്കുകയായിരുന്നു. ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ രതീഷ് ടിഎസ്, ആഷിക്, സിവിൽപോലീസ് ഓഫിസർമാരായ വിനീത്, അജിലേഷ്, ഇന്ദു, മേരി, ഷൈനി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വാളയം പോലീസ് സ്റ്റേഷനിലും ഒരു മോഷണ കേസ് നിലവിലുണ്ട്.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഒഡീഷ സ്വദേശി സൽമാൻ മാലിക്കിനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളിയുടെ മകളാണ് ലൈംഗിക ഉപദ്രവത്തിനിരയായ പെൺകുട്ടി. ഇൻസ്പെക്ടർ വിഎം കേഴ്സൺ, എസ്ഐ പിഎം റാസിഖ്, എഎസ്ഐമാരായ ജിബാലാമണി, സിഎ ഇബ്രാഹിംകുട്ടി, സിപിഒമാരായ കെഎസ് അനുപ്, കെആർവിപിൻ, എസ് സന്ദീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.