InternationalNews

റഷ്യ വിടാന്‍ യുവാക്കള്‍ ,റഷ്യ – ജോര്‍ജിയ അതിര്‍ത്തിയില്‍ കിലോമീറ്റര്‍ നീണ്ട വാഹനനിരയുടെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

ജോര്‍ജിയ:   യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെ തങ്ങള്‍ കീഴടക്കിയ തെക്ക് കിഴക്കന്‍ യുക്രൈനിലും റഷ്യ പരാജയത്തെ നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയില്‍ 3 ലക്ഷം സൈനികരുടെ റിസര്‍വ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ പ്രസിഡന്‍റ് പുടിന്‍ ഉത്തരവിട്ടു. രാജ്യമെങ്ങും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അവയെല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ടു. ഇതുവരെയായി ഏതാണ്ട് 2,500 ഓളം റഷ്യക്കാര്‍ ഉത്തരവിനെതിരെ സമരം ചെയ്തതിന്‍റെ പേരില്‍ അറസ്റ്റിലായി. ഇതേ തുടര്‍ന്ന് നഗരങ്ങളില്‍ നിന്നും വിദൂരമായ പ്രദേശങ്ങളിലെ യുവാക്കളെ സൈന്യത്തിന്‍റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 

സൈന്യത്തിലേക്ക് പുതിയ റിക്രൂട്ട്മെന്‍റുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കളടക്കമുള്ളവര്‍ രാജ്യം വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പിന്നാലെ 18 ഉം 60 നും ഇടയിലുള്ള പുരുഷന്മാര്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കിരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജോര്‍ജിയ – റഷ്യന്‍ അതിര്‍ത്തിയില്‍ സൈനിക പിക്കറ്റിങ്ങ് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനിടെയാണ് റഷ്യന്‍ ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതായുള്ള ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകൃതമായത്. 

പുതിയ സൈനിക റിക്രൂട്ട്മെന്‍റ് പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയില്‍ നിന്ന് ഏതാണ്ട് 2,60,000 യുവാക്കള്‍ രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മുതൽ 53,000 റഷ്യക്കാർ രാജ്യത്ത് പ്രവേശിച്ചതായി ജോർജിയയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 98,000 പേർ തങ്ങളുടെ പ്രദേശത്തേക്ക് കടന്നതായി കസാക്കിസ്ഥാനും അവകാശപ്പെട്ടു.  43,000-ത്തിലധികം റഷ്യക്കാര്‍ അതിര്‍ത്തി കടന്നതായി  ഫിൻലാൻഡിന്‍റും 3,000 റഷ്യക്കാർ മംഗോളിയയിൽ പ്രവേശിച്ചതായി മംഗോളിയയും സ്ഥിരീകരിച്ചു. 

ഇതിനിടെ റഷ്യന്‍ പലായനത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയ സ്‌പേസ് ടെക് കമ്പനിയായ മാക്‌സർ, റഷ്യ – ജോര്‍ജിയ അതിര്‍ത്തിയില്‍ ഏതാണ്ട് 16 കിലോമീറ്ററോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.  ഗതാഗത കുരിക്ക് നിമിത്തം പല റഷ്യക്കാരും തങ്ങളുടെ കാറുകള്‍ വഴിയിലുപേക്ഷിച്ച് , നടന്നെങ്കിലും രാജ്യം വിടാനുള്ള ശ്രമത്തിലാണെന്ന് അതിര്‍ത്തിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലരും അതിര്‍ത്തികടക്കാനായി ദിവസങ്ങളായി കാത്ത് നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും പ്രതിരോധ മന്ത്രി സെർജി ഷോയ്‌ഗുവും മുമ്പ് രാജ്യത്തിന്‍റെ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ചവരെയോ പ്രത്യേക സൈനിക വൈദഗ്ധ്യമുള്ളവരെയോ മാത്രമേ പുതിയ റിക്രൂട്ട്മെന്‍റിലേക്ക് വിളിക്കൂ എന്ന് ഉറപ്പ് നൽകിട്ടുണ്ടെങ്കിലും സൈനിക പരിശീലനമില്ലാത്ത യുവാക്കളോടും സൈന്യത്തില്‍ ചേരാന്‍ അവകാശപ്പെടുന്നതായി സൈബീരിയയില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ പല റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ക്ക് നേരെ ജനങ്ങള്‍ അക്രമണം അഴിച്ച് വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button