‘കെ.എസ്.ആര്‍.ടി.സി എന്റെ പെങ്കളെ കൊന്നു’ കെ.എസ്.ആര്‍.ടി.സിക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്
തിരുവനന്തപുരം: പെങ്ങളുടെ ജീവന്‍ എടുത്ത കെ.എസ്.ആര്‍.ടി.സി ബസ്സിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. സ്വന്തം കാറിന്റെ നമ്പര്‍ പ്ലേറ്റിന് താഴെ കെ.എസ്.ആര്‍.ടി.സി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെയും ഉദ്യേഗസ്ഥരേയും ശക്തമായി വിമര്‍ശിക്കുന്ന കുറിപ്പ് പ്രദര്‍ശിപ്പിച്ചാണ് പ്രതിഷേധം. പെങ്ങളുടെ മരണത്തില്‍ നീതി ലഭിക്കാനും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കര്‍ശന നടപടി സ്വീകരിക്കും വരെ കെഎസ്ആര്‍ടിസിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജില്‍ പറഞ്ഞു.
ജസ്റ്റിസ് ഫോര്‍ ഫാത്തിമ നജീബ് മണ്ണേല്‍ എന്ന ഹാഷ് ടാഗിലാണ് ബിജിലിന്റെ പോസ്റ്റ്. കെഎസ്ആര്‍ടിസി എന്റെ സഹോദരിയെ കൊന്നു. കഴുത മോങ്ങുന്നതുപോലെ ഹോണടിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ മറികടക്കാന്‍ കഴിയില്ല എന്നാണ് വാഹനത്തിന്റെ പിന്നില്‍ എഴുതിയിരിക്കുന്നത്. ഇതെന്റെ പ്രതിഷേധമാണ്! കെഎസ്ആര്‍ടിസി ബസിന്റെ ഇന്നും തുടരുന്ന നരനായാട്ട് അവസാനിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത എല്ലാ ഏമാന്മാരോടും. ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത കെഎസ്ആര്‍ടിസിയോട്, ഓരോ അധികാരികളോടും, യൂണിയന്‍നേതാക്കളോടും, ഗവണ്മന്റിനോടും, ഗതാഗത മന്ത്രിയോടും, എല്ലാ വകുപ്പ് മേലാളന്മാരോടും, എത്ര അനുഭവം ഉണ്ടായാലും പ്രതികരിക്കാത്ത ജനങ്ങളോട്… എന്റെ പെങ്ങള്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്നതൊക്കെയും ഞാന്‍ ചെയ്യും… ഇതാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ബിജില്‍ കുറിച്ചിരിക്കന്നത്. ഇതിനോടകം ഫേസ് ബുക്ക് പോസ്റ്റും വാഹനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
കഴിഞ്ഞ നവംബര്‍ 11ന് രാത്രിയായാണ് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങരയ്ക്കു സമീപത്ത് വെച്ച് ചീറിപാഞ്ഞ് വന്ന ആനവണ്ടി ബിജിലിന്റെ പിതാവിന്റെ അനുജന്‍ നജീബും കുടുംബവു സഞ്ചരിച്ചിരുന്ന കറില്‍ ഇടിച്ച് നജീബിന്റെ മകള്‍ ഫാത്തിമ (20) മരിച്ചത്. ഫാത്തിമയുടെ സഹോദരന്‍ മുഹമ്മദ് അലിയുടെ വലതു കൈയും നഷ്ടമായി. അലിയാണ് വാഹനം ഓടിച്ചിരുന്നത്. കാറിലിടിച്ച ബസ് 300 മീറ്റര്‍ മാറിയാണ് നിര്‍ത്തിയത്. എന്നാല്‍ അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി.
ശേഷം അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരായ ഡ്രൈവര്‍ക്ക് ജാമ്യവും ലഭിച്ചു. എന്നാല്‍ ഇതിന് ശേഷവും കെഎസ്ആര്‍ടിസി അമിത വേഗതയില്‍ സഞ്ചരിക്കുന്നത് ബിജിലിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളുടെ അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കേണ്ടവര്‍ നടപടിയെടുക്കുകയും മരിച്ച പെങ്ങള്‍ക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ കെഎസ്ആര്‍ടിസിക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് ബിജില്‍ പറയുന്നത്.