ബെംഗളൂരു: രാമനഗരയില്‍ തടിമില്ലുടമ ജീവനൊടുക്കിയ സംഭവത്തില്‍ മന്ത്രവാദിയായ കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍. ബാഗല്‍കോട്ട് സ്വദേശിയും രാജാജിനഗറിലെ സ്വകാര്യകോളേജില്‍ ബി.കോം വിദ്യാര്‍ഥിയുമായ വൈ. വിഷ്ണു(22)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയായ വിഷ്ണു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാലാണ് തടിമില്ലുടമയായ മുത്തുരാജ്(25) ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് ഒന്‍പതിനാണ് മുത്തുരാജ് പുഴയില്‍ ചാടി ആത്മഹത്യചെയ്തത്. സഹോദരിഭര്‍ത്താവ് ശശികുമാറിനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ മുത്തുരാജിന് ഒരുഫോണ്‍ വരികയും ഇതിനുപിന്നാലെ വാഹനം നിര്‍ത്തി പുഴയില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു.
സാമ്പത്തികപ്രശ്‌നങ്ങളാണ് മുത്തുരാജിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. കാറില്‍ യാത്രചെയ്യുന്നതിനിടെ മുത്തുരാജിന് ഒരുഫോണ്‍കോള്‍ വന്നിരുന്നതായി സഹോദരീഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. എന്താണ് ഫോണ്‍ എടുക്കാത്തതെന്നായിരുന്നു വിളിച്ചയാള്‍ മുത്തുരാജിനോട് ചോദിച്ചത്. ഇനിയും തന്നെ ഉപദ്രവിച്ചാല്‍ താന്‍ മരിക്കുമെന്നായിരുന്നു മുത്തുരാജ് ഇതിന് മറുപടി നല്‍കിയത്. ഇതിനുപിന്നാലെയാണ് വാഹനം നിര്‍ത്തിയശേഷം മുത്തുരാജ് പുഴയില്‍ ചാടി ജീവനൊടുക്കിയതെന്നും ശശികുമാര്‍ മൊഴി നല്‍കിയിരുന്നു.
ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും പോലീസും ആദ്യം കരുതിയിരുന്നത്. എന്നാല്‍, മാര്‍ച്ച് 18-ന് ബന്ധുക്കള്‍ക്ക് മുത്തുരാജിന്റെ ഫോണ്‍ തുറന്ന് പരിശോധിക്കാനായതോടെ ആത്മഹത്യയുടെ യഥാര്‍ഥ കാരണം പുറത്തറിയുകയായിരുന്നു. മുത്തുരാജിന്റെ ഫോണില്‍നിന്ന് നിരവധി ഭീഷണിസന്ദേശങ്ങള്‍ ബന്ധുക്കള്‍ കണ്ടെത്തിയിരുന്നു.
മന്ത്രവാദിയായ വിഷ്ണുവാണ് ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതോടെ മുത്തുരാജിന്റെ ഭാര്യ മൊബൈല്‍ഫോണ്‍ വിവരങ്ങളടക്കം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി വിഷ്ണുവിനെ പിടികൂടിയത്.
ബാഗല്‍കോട്ട് സ്വദേശിയായ വിഷ്ണു മൂത്തസഹോദരിക്കൊപ്പം രാജാജിനഗറിലാണ് താമസം. ബി.കോം വിദ്യാര്‍ഥിയായ ഇയാള്‍ സാമൂഹികമാധ്യമത്തില്‍ മന്ത്രവാദിയാണെന്ന് പരിചയപ്പെടുത്തി പലരില്‍നിന്നും പണം തട്ടിയിരുന്നു. സാമ്പത്തികപ്രശ്‌നങ്ങള്‍ക്കും കുടുംബപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ സാമൂഹികമാധ്യമത്തില്‍ പരസ്യംചെയ്തിരുന്നത്. ജീവനൊടുക്കിയ മുത്തുരാജ് ഫെയ്‌സ്ബുക്ക് വഴിയാണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്.
ബിസിനസ് നഷ്ടത്തിലാണെന്നും ഇതിന് പരിഹാരം കാണണമെന്നുമായിരുന്നു മുത്തുരാജ് വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് മുത്തുരാജിനായി പൂജ ചെയ്യാമെന്ന് വിഷ്ണു സമ്മതിച്ചു. പൂജയ്ക്കായി എല്ലാ കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, മുത്തുരാജ് ചിത്രങ്ങള്‍ അയച്ചുനല്‍കിയതിന് പിന്നാലെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് വിഷ്ണു മുത്തുരാജിനെ ഭീഷണിപ്പെടുത്തി. ഭാര്യാമാതാവിനൊപ്പം മുത്തുരാജിന്റെ ഫോട്ടോ ചേര്‍ത്ത് വ്യാജചിത്രങ്ങള്‍ നിര്‍മിച്ചാണ് പ്രതി ഭീഷണിമുഴക്കിയത്.
25,000 രൂപ നല്‍കിയില്ലെങ്കില്‍ ഭാര്യാമാതാവുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നുമായിരുന്നു പ്രതിയുടെ ഭീഷണി. ഇതാണ് മുത്തുരാജിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു.
കോളേജ് വിദ്യാര്‍ഥിയായ വിഷ്ണു മന്ത്രവാദത്തിന്റെ പേരില്‍ 60-ഓളം പേരെ ഭീഷണിപ്പെടുത്തിയതായാണ് പോലീസിന്റെ നിഗമനം. ഇയാളുമായി നേരത്തെ ഇടപാട് നടത്തിയവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)