ന്യുയോര്‍ക്ക്: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. ന്യുയോര്‍ക്കില്‍ താമസിക്കുന്ന ദേശ്മണ്ട് ബബ്ലൂ സിംഗ് എന്ന പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ എന്നിവയിലൂടെ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ഇവരെ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ തലവെട്ടുകയോ ചെയ്യുന്നവര്‍ക്ക് ബിറ്റ്‌കോയിന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരേ ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തിയെന്ന് മെരിലാന്റ് ഡിസ്ട്രിക്ട് അറ്റോര്‍ജി റോബര്‍ട്ട് കെ. ഹര്‍ പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയാള്‍ പെണ്‍കുട്ടിയോട് ഇസ്റ്റഗ്രാമിലൂടെ പ്രണയാഭ്യര്‍ഥന നടത്തി. ദേശ്മണ്ടിന്റെ മൂത്ത സഹോദരിയുടെ സഹപാഠിയായ പെണ്‍കുട്ടി എന്നാല്‍ അഭ്യര്‍ഥന നിരസിച്ചു. ബന്ധത്തില്‍ താത്പര്യമില്ലെന്നും കൂടുതല്‍ മെസേജുകള്‍ അയയ്ക്കരുതെന്നും ഇയാള്‍ പ്രതിയോട് നിര്‍ദേശിച്ചു. ഇതിനുശേഷമാണ് ഇയാള്‍ ഭീഷണി ആരംഭിച്ചത്. ഏപ്രിലിനും നവംബറിനും ഇടയില്‍ നൂറിലധികം സമൂഹമാധ്യമ അക്കൗണ്ടുകളിലുടെയും ഫോണിയൂടെയും ഇയാള്‍ പെണ്‍കുട്ടിക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മാത്രമല്ല, ദേശ്മണ്ട് പെണ്‍കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുകയും ഇതിലെ പാസ്വേഡുകള്‍ മാറ്റുകയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ സ്‌നാപ്ചാറ്റ് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങളും ഇയാള്‍ ചോര്‍ത്തി. ഇതു പിന്നീട് മറ്റു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും കുറ്റപത്രത്തിലുണ്ട്.