വാട്സ്ആപ്പ് വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാം,പുതിയ ഫീച്ചർ
ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. വീഡിയോ കോളുകൾക്കിടയിൽ സ്ക്രീൻ ഷെയർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. ഈ സവിശേഷത നേരത്തെ ബീറ്റ ടെസ്റ്റിങ്ങിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ എല്ലാവർക്കുമായി സ്റ്റേബിൾ അപ്ഡേറ്റിലൂടെ സ്ക്രീൻ ഷെയറിങ് ഫീച്ചർ ലഭ്യമാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. വീഡിയോ കോളുകൾ വിളിക്കുന്നതിനിടയിൽ നിങ്ങളുടെ സ്ക്രീൻ എല്ലാവർക്കും കാണുന്ന രീതിയിൽ ഷെയർ ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കുന്നു.
കോടിക്കണക്കിന് ഉപയോക്താക്കളുള്ള മെസേജിങ്, കോളിങ് ആപ്പിൽ വന്നിരിക്കുന്ന സ്‌ക്രീൻ ഷെയറിങ് ഫീച്ചർ നേരത്തെ തന്നെ സൂം, ഗൂഗിൾ മീറ്റ് അടക്കമുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കും വിദ്യഭ്യാസ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് നൽകുന്നുണ്ട്. വാട്സ്ആപ്പിനെ സ്വകാര്യ ചാറ്റുകൾക്കും കോളുകൾക്കുമുള്ള പ്ലാറ്റ്ഫോം എന്നതിൽ നിന്ന് ജോലി സംബന്ധമായ മീറ്റിങ്ങുകൾക്കും മറ്റുമുള്ള പ്ലാറ്റ്ഫോമാക്കി മാറ്റുന്നതിന്റെ ഭാഗം കൂടിയായിട്ടാണ് മെറ്റ സ്ക്രീൻ ഷെയർ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വാട്സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. “വാട്സ്ആപ്പിൽ ഇനി മുതൽ വീഡിയോ കോളുകൾക്കിടയിൽ നിങ്ങളുടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ സാധിക്കും. ഗ്രൂപ്പ് മീറ്റിങ്ങുകൾക്കുള്ള പ്രധാന ഫീച്ചറുകളിൽ ഒന്നായതുകൊണ്ട് തന്നെ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ഗൂഗിൾ മീറ്റ്, സൂം പോലുള്ള ജനപ്രിയ വീഡിയോ കോളിങ് ആപ്പുകൾക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
സ്‌ക്രീൻ ഷെയറിങ് ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് കോളുകൾക്കിടയിൽ തന്നെ ഡോക്യുമെന്റുകൾ കണ്ടുകൊണ്ട് ചർച്ചകൾ നടത്താൻ സാധിക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കും എളുപ്പത്തിൽ ടെക്നിക്കൽ സപ്പോർട്ട് ചെയ്യാനും ഇത് സഹായിക്കുന്നു. രക്ഷിതാക്കൾക്ക് ഫോണിൽ എന്തെങ്കിലും ചെയ്ത് കൊടുക്കേണ്ടതുണ്ട് എങ്കിൽ സ്ക്രീൻ ഷെയർ ചെയ്യിപ്പിച്ച് ഓരോ ഘട്ടമായി ചെയ്യേണ്ട കാര്യം വ്യക്തമായി പറഞ്ഞ് കൊടുക്കാൻ സാധിക്കും.
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സ്‌ക്രീൻ ഷെയറിങ് ഫീച്ചറിൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മറ്റ് വീഡിയോ കോൺഫറൻസിംഗ് ആപ്പുകളിൽ കാണുന്ന സ്ക്രീൻ ഷെയറിങ് ഫീച്ചറിന് സമാനമായിരിക്കും വാട്സ്ആപ്പിലെയും ഫീച്ചർ. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സ്‌ക്രീനിൽ കണ്ടന്റ് ഷെയർ ചെയ്യുന്നത് നിർത്താനും വീണ്ടും തുടരാനുമുള്ള സൌകര്യം വാട്സ്ആപ്പ് നൽകും. അതുകൊണ്ട് തന്നെ പ്രൈവസിയുമായി ബന്ധപ്പെട്ട ആശങ്കകളും പുതിയ ഫീച്ചർ ഉണ്ടാക്കുന്നില്ല.
വാട്സ്ആപ്പ് സ്ക്രീൻ ഷെയർ ഫീച്ചർ ഉപയോഗിക്കുന്നതിനായി വീഡിയോ കോൾ ആരംഭിച്ചാൽ ‘ഷെയർ ‘ എന്ന ഓപ്ഷൻ ലഭിക്കും. ഇതിൽ ക്ലിക്കുചെയ്‌ത് ഏതെങ്കിലും ഒരു ആപ്പ് മാത്രമേ മുഴുവൻ സ്‌ക്രീനോ ഷെയർ ചെയ്യാൻ സാധിക്കും. ഇത്തരം രണ്ട് ഓപ്ഷനുകളാണ് വാട്സ്ആപ്പ് നിലവിൽ ഉപയോക്താക്കൾക്ക് നൽകുന്നത്. നിലവിൽ വാട്സ്ആപ്പ് വീഡിയോ കോളിൽ 32 ആളുകൾക്ക് വരെയാണ് ചേരാൻ സാധിക്കുന്നത്. ചെറിയ മീറ്റിങ്ങുകൾ നടത്താൻ വാട്സ്ആപ്പ് തന്നെ മതിയാകും.