ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമെന്ന് യോഗി ആദിത്യനാഥ്
കാണ്‍പുര്‍: പ്രതിഷേധ സമരങ്ങളില്‍ ‘ആസാദി’ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും കാണ്‍പുരില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയില്‍ യോഗി പറഞ്ഞു.
‘ആസാദി’ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കാനായി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും ഉള്‍പ്പടെ റോഡിലേക്ക് തള്ളിവിടുകയാണ്. ആണുങ്ങള്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയുമാണ് ചെയ്യുന്നത്. ഇത് വലിയ കുറ്റകൃത്യമാണ്.
സി.എ.എയുടെ അര്‍ഥം പോലും അറിയാത്ത സ്ത്രീകളെയാണ് കോണ്‍ഗ്രസും എസ്.പിയും ഇടത് പാര്‍ട്ടികളും ചേര്‍ന്ന് തെരുവിലിറക്കുന്നത്. ഇത് അപമാനകരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.