മുംബൈ:മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് ചൈനയിൽ അവതരിപ്പിച്ചു. ഷഓമി 11 സീരീസിലെ ഏറ്റവും പുതിയ മോഡലായ ഷഓമി 11 യൂത്ത് വൈറ്റലിറ്റി എഡിഷൻ ആണ് പുറത്തിറക്കിയത്. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഷഓമി 11 ലൈറ്റ് 5ജി എൻഇയുടെ റീബ്രാൻഡഡ് പതിപ്പാണ് പുതിയ ഫോൺ. ട്രിപ്പിൾ റിയർ ക്യാമറകളും ഹോൾ-പഞ്ച് ഡിസ്‌പ്ലേയുമാണ് ഇതിലുള്ളത്.
ഷഓമി 11 യൂത്ത് വൈറ്റലിറ്റി എഡിഷന്റെ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 1,999 യുവാൻ (ഏകദേശം 23,800 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 2,299 യുവാനുമാണ് (ഏകദേശം 27,300 രൂപ). കറുപ്പ്, നീല, പിങ്ക്, വെള്ള നിറങ്ങളിൽ ഇത് ചൈനയിൽ വിൽപനയ്‌ക്കെത്തും. ആഗോള വിപണികളിൽ ഷഓമി 11 യൂത്ത് വൈറ്റലിറ്റി എഡിഷന്റെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിവായിട്ടില്ല.
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഷഓമി 11 യൂത്ത് വൈറ്റലിറ്റി പതിപ്പ് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 ഒഎസിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 20:9 വീക്ഷണാനുപാതത്തോടു കൂടിയ 6.55-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്സലുകൾ) ഡിസ്പ്ലേയുണ്ട്. 90Hz റിഫ്രഷ് റേറ്റ്, കൂടാതെ 240Hz വരെ ടച്ച് സാംപിൾ റേറ്റ് എന്നിവയാണ് ഡിസ്പ്ലേയുടെ പ്രധാന ഫീച്ചറുകൾ. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G ആണ് പ്രോസസർ.
ഷഓമി 11 യൂത്ത് വൈറ്റലിറ്റി എഡിഷനിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ട്. 64 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് മറ്റ് രണ്ട് ക്യാമറകൾ. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 20-മെഗാപിക്സൽ ക്യാമറ സെൻസറുമുണ്ട്.
ഷഓമി 11 യൂത്ത് വൈറ്റലിറ്റി പതിപ്പിൽ 128ജിബി, 256ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ ഉൾപ്പെടുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ A-GPS/ NavIC, ഇൻഫ്രാറെഡ് (IR), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഹാൻഡ്സെറ്റിൽ 4,250 എംഎഎച്ച് ആണ് ബാറ്ററി.