കൊച്ചി: പ്രമുഖ സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുതിയ ആദ്യ നോവലായ കൊച്ചരേത്തിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയൻമാരെക്കുറിച്ചാണ് നോവൽ.
തൊടുപുഴ കുടയത്തൂരിൽ 1940 സെപ്റ്റംബർ 26നാണ് ജനനം. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച നാരായൻ 1995ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. കൊച്ചരേത്തി മുതൽ അദ്ദേഹം എഴുതിയതെല്ലാം നോവലും കഥകളുമായാണ് അറിയപ്പെട്ടതെങ്കിലും നാരായൻ എഴുതിയതെല്ലാം ജീവിതത്തിന്റെ നേർച്ചിത്രങ്ങളായിരുന്നു. പൊതുസമൂഹത്തിൽനിന്നു പുറത്താക്കപ്പെട്ട ഗോത്രജീവിതത്തിന്റെ ജീവിത സമരങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിലൂടെ പുറത്തുവന്നത്.
മറ്റു കൃതികൾ: ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, നിസ്സഹായന്റെ നിലവിളി, ഈ വഴിയിൽ ആളേറെയില്ല, പെലമറുത, ആരാണു തോൽക്കുന്നവർ.