NationalNews

രാജ്യത്തിനായി നേടിയ മെഡലുകൾ ​ഗം​ഗയിലൊഴുക്കി, നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ​ഗുസ്തിതാരങ്ങൾ, പിന്തിരിപ്പിക്കാൻ കർഷക നേതാക്കൾ

ന്യൂഡൽഹി: രാജ്യത്തിനായി നേടിയ മെഡലുകൾ ​ഗം​ഗയിലൊഴുക്കി, നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങിയ ​ഗുസ്തിതാരങ്ങളെ പിന്തിരിപ്പിക്കാൻ കർഷക നേതാക്കൾ ഹരിദ്വാറിലേക്ക്.  ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവർ ഹരിദ്വാറിലേക്ക് തിരിച്ചു. മെഡലുകള്‍ നദിയില്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങള്‍ പിന്മാറണമെന്നും കർഷക നേതാക്കള്‍ ആവശ്യപ്പെട്ടു. മെഡലുകൾ ​ഗം​ഗയിലൊഴുക്കാനുള്ള തീരുമാനത്തിൽ ഹരിദ്വാറിലെത്തിയിരിക്കുകയാണ് സാക്ഷി മാലിക്, ബജ്‍രം​ഗ് പൂനീയ, വിനേഷ് ഫോ​ഗട്ട് എന്നിവർ.

അതിവൈകാരിക മുഹൂർത്തങ്ങൾക്കാണ് ​ഗം​ഗാതടം സാക്ഷ്യം വഹിക്കുന്നത്. പൊരുതി നേടിയ മെഡലുകൾ നെഞ്ചോട് ചേർത്ത്, കണ്ണീരടക്കാനാകാതെയാണ് അവർ ഹരിദ്വാറിലെത്തിയത്. മെഡലുകൾ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളുടെ ചിത്രം കണ്ണീർക്കാഴ്ചയായി. ഇന്നലെ ജന്തർ മന്തറിലെ ഇവരുടെ സമരപ്പന്തൽ പൊലീസ് പൊളിച്ച് നീക്കിയിരുന്നു. കൂടാതെ ഇവരെ ബലംപ്രയോ​ഗിച്ച് ഇവിടെ നിന്ന് പൊലീസ് മാറ്റി. 

മെഡലുകൾ ഒഴുക്കി സമരം ചെയ്യുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കേന്ദ്ര സ‍ര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു രീതിയിലുമുള്ള അനുനയശ്രമവുമുണ്ടായില്ല. മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടും കായിക താരങ്ങളെ കാണാനോ അവരുമായി അനുനയ ച‍ര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാർ ഇതുവരെയും തയ്യാറായില്ല. ഇന്ത്യയുടെ അഭിമാനമായ താരങ്ങൾ ഇത്തരത്തിൽ അവഗണിക്കപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിച്ച കായികതാരങ്ങള്‍ കൂടിയാണ് ഇവര്‍. ഗുസ്തി താരങ്ങളെ  പിന്തുണച്ച് അനില്‍ കുംബ്ലെ, നീരജ് ചോപ്ര, സാനിയ മിര്‍സ, ഛേത്രി, ബിന്ദ്ര എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. പൂനിയയ്ക്ക് ഒളിംപിക്സില്‍ വെങ്കലം ലഭിച്ചിട്ടുണ്ട്. സാക്ഷിക്ക് ഒളിംപിക്സില്‍ വെങ്കലം ലഭിച്ചു. അതുപോലെ ലോറെസ് നാമനിര്‍ദ്ദേശം നേടിയ കായിക താരമാണ് വിനേഷ് ഫോഗട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button