കറുകച്ചാല്‍: 35 കാരന്റെ മരണത്തിൽ ദുരൂഹത കണ്ടെത്തി പോലീസ്. കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാഹുലിന് തലയ്ക്കുള്ളില്‍ സാരമായ ക്ഷതമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. വീഴ്ചയില്‍ സംഭവിച്ച പരുക്കാണോ അടിയേറ്റതിന്റെ പരുക്കാണോ എന്നു കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നു ഫൊറന്‍സിക് സര്‍ജന്‍ നിര്‍ദേശിച്ചു. ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേല്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ രാഹുല്‍ രാജു(35)വിനെയാണ് ശനിയാഴ്ച രാവിലെ വീടിന് ഒരു കിലോമീറ്റര്‍ അകലെ നടുറോഡില്‍ സ്വന്തം കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാൽ സ്വാഭാവിക മരണമല്ലെന്നാണു പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ ഉള്ളിലാണു സാരമായ പരുക്ക്. രക്തസ്രാവവും ഉണ്ടായി. ശരീരത്തില്‍ മുറിവുകളുണ്ട്. ഫൊറന്‍സിക് സര്‍ജന്‍ ഡോ. ജോമോന്‍ മരണം നടന്ന സ്ഥലത്തു പൊലീസിനൊപ്പം പരിശോധന നടത്തും. രാഹുലിന്റേത് കൊലപാതകമാണോ എന്നു കണ്ടെത്തുന്നതിനു വിശദമായ അന്വേഷണം നടത്തുമെന്ന് കറുകച്ചാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. ജയകൃഷ്ണന്‍ പറഞ്ഞു.
തലയിലെ പരുക്കിനു പുറമേ വയറിനു സമീപമാണു മുറിവുകള്‍. രാഹുലിന്റെ സുഹൃത്തുക്കള്‍, മരണത്തിന് മുന്‍പ് ആശയ വിനിമയം നടത്തിയവര്‍ എന്നിവരെ കണ്ട് പൊലീസ് മൊഴി എടുത്തു വരികയാണ്. കൊലപാതക സൂചനകള്‍ ഉള്ള സംഭവങ്ങള്‍ നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. മല്‍പിടുത്തത്തിന്റെ ലക്ഷണങ്ങളും ഇല്ല. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്നു 10ന് മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും. കോട്ടയം-പന്തളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചമ്ബക്കര ബസിന്റെ ഡ്രൈവറായിരുന്നു രാഹുല്‍.