ക്രിസ്മസ് ദിവസം ചന്തയില്‍ നിന്ന് വാങ്ങിയ ചൂരയില്‍ പുഴു; പരാതിപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാമെന്ന് മറുപടി
കൊല്ലം: ക്രിസ്മസ് ദിവസം രാവിലെ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീനില്‍ പുഴുവിനെ കണ്ടതായി പരാതി. കടയ്ക്കല്‍ സ്വദേശി സന്തോഷ് ഐരക്കുഴി ചന്തയില്‍ നിന്ന് വാങ്ങിയ ചൂര വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു. വലിയ ചൂര മീന്‍ നാലായി മുറിച്ചതില്‍ ഒരു കഷണമാണ് സന്തോഷ് വാങ്ങിയത്. പുഴു നുളയ്ക്കുന്ന മീനിനെക്കുറിച്ച് കച്ചവടക്കാരെ വിവരമറിയിച്ചപ്പോള്‍ വേണമെങ്കില്‍ പണം തിരികെ നല്‍കാമെന്നാണ് മറുപടി നല്‍കിയത്. അവരുടെ തണുത്ത പ്രതികരണത്തെ തുടര്‍ന്ന് സന്തോഷ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ദിവസങ്ങള്‍ പഴക്കമുള്ളതാണ് മീനെന്ന് പുഴുവിനെ കണ്ടതോടെ വ്യക്തമായി. ചൂരയുടെ മറ്റ് മൂന്ന് കഷണങ്ങള്‍ വാങ്ങിയവര്‍ അത് ഭക്ഷിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തമായിട്ടില്ല. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ഐരക്കുഴി ചന്തയില്‍ മീന്‍ വില്‍പ്പന നടത്തുന്നത്. ക്രിസ്മസ് പ്രമാണിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമ്പോഴാണ് പുഴുവരിച്ച മീന്‍ വിറ്റഴിക്കപ്പെടുന്നത്.