ലുസെയ്ല്‍: അറേബ്യന്‍ മണ്ണ് ആദ്യമായി വിരുന്നൊരുക്കിയ ലോകകപ്പ് ഫുട്ബോളിന്റെ കലാശക്കളിയില്‍ ഞായറാഴ്ച രാത്രി അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം. ഒട്ടേറെ അട്ടിമറികള്‍ കണ്ട ചാമ്പ്യന്‍ഷിപ്പിലെ അന്തിമ വിധിപറയാന്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഒരുങ്ങി. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ജേതാക്കളായത്. 2014-ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.
ബ്രസീലും ജര്‍മനിയും ഇംഗ്ലണ്ടും സ്‌പെയിനും പോര്‍ച്ചുഗലും ബെല്‍ജിയവുമൊക്കെ വീണുപോയെങ്കിലും 22-ാമത് ലോകകപ്പില്‍ ക്ലാസിക് ഫൈനല്‍ അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് കായികലോകം. രണ്ടു പതിറ്റാണ്ടോളമായി ലോക ഫുട്‌ബോളിനെ പ്രചോദിപ്പിക്കുന്ന അര്‍ജന്റീനയുടെ പ്രധാന താരം ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്ന് കരുതുന്നു.
തികഞ്ഞ പ്രതീക്ഷയോടെയാണ് ഫൈനലിനെ കാത്തിരിക്കുന്നതെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണിയും ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷോമും പറഞ്ഞു. ചില കളിക്കാര്‍ക്ക് പനി ബാധിച്ചതിന്റെ ആശങ്ക ഫ്രഞ്ച് ടീമിനുണ്ടെങ്കിലും അര്‍ജന്റീനയ്ക്ക് ആശങ്കകളൊന്നുമില്ല. അഞ്ചുഗോള്‍ വീതം നേടി ടോപ് സ്‌കോറര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും തമ്മില്‍ ഗോള്‍ഡന്‍ ബൂട്ടിനായും മത്സരമുണ്ട്.
ഞായറാഴ്ച വൈകീട്ട് കലാപരിപാടികളോടെ ഫൈനല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ‘ഓര്‍ത്തിരിക്കാന്‍ ഒരു രാവ്’ എന്നു ഫിഫ പേരിട്ടിരിക്കുന്ന കലാശപരിപാടികളില്‍ നോറ ഫത്തേഹി, ഡേവിഡോ, ആയിഷ, ബല്‍ക്കീസ് തുടങ്ങിയ കലാകാരന്മാര്‍ അണിനിരക്കും. 88000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസെയ്ല്‍ സ്റ്റേഡിയം ഫൈനലിന് നിറഞ്ഞുകവിയും. ഖത്തറിനെ സംബന്ധിച്ച് ഞായറാഴ്ച ചരിത്രത്തിൽ ഇടംപിടിക്കാവുന്ന ദിനംകൂടിയാണ്. ദേശീയദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിന്റെ സമാപനവും നടക്കുന്നത്.
ARGENTINA
അർജന്റീന ക്യാംപിൽ പാപ്പു ഗോമസിനു മാത്രമാണ് പരുക്കുള്ളത്. എന്നാൽ ഏയ്ഞ്ചൽ ഡി മരിയ പരുക്കിൽ നിന്നു മോചിതനായതിനാൽ കോച്ച് ലയണൽ സ്കലോണിക്ക് അക്കാര്യത്തിൽ ടെൻഷനില്ല. ഡി മരിയയെ ആദ്യ ഇലവനിൽ ഇറക്കണോ എന്നതു മാത്രമാണ് സ്കലോണിക്കു മുന്നിലുള്ള ചോദ്യം. ഡി മരിയ ഇറങ്ങിയാൽ ക്വാർട്ടറിലും സെമിയിലും വിജയകരമായ 4-4-2 ഫോർമേഷൻ മാറ്റി 4-3-3 ഫോർമേഷനിൽ അർജന്റീന ഇറങ്ങേണ്ടി വരും. ഫ്രാൻസിന്റെ ആക്രമണം ചെറുക്കാൻ പ്രതിരോധം ശക്തമാക്കുകയാണെങ്കിൽ ലിസാന്ദ്രോ മാർട്ടിനസിനെ ഇറക്കി 5-3-2 ഫോർമേഷനിലും സ്കലോണിക്ക് ടീമിനെ വിന്യസിക്കാം. ഫുൾബായ്ക്കുകളായ ഗോൺസാലോ മോണ്ടിയലും മാർക്കോസ് അക്കുനയും വിലക്ക് മൂലം കഴിഞ്ഞ മത്സരം കളിച്ചിരുന്നില്ല. അക്കുന ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തും.
അർജന്റീന – ഫിഫ റാങ്കിങ്: 3
ഇവരാണ് ടോപ്:
ടോപ് സ്കോറർ: ലയണൽ മെസ്സി, 5 ഗോൾ
ടോപ് അസിസ്റ്റ്: ലയണൽ മെസ്സി, 3 അസിസ്റ്റ്
ക്ലിയറൻസുകൾ: നിക്കൊളാസ് ഒട്ടമെൻഡി, 46
ഇന്റർസെപ്ഷൻ: റോഡ്രിഗോ ഡിപോൾ, 6
ഗോളവസരങ്ങൾ സൃഷ്ടിച്ചത്: ലയണൽ മെസ്സി, 15
സേവുകൾ: എമിലിയാനോ മാർട്ടിനസ്, 5
അടിച്ച ഗോൾ: 12
വഴങ്ങിയ ഗോൾ: 5
ആകെ ഷോട്ട്: 81
ഗോൾ ഷോട്ട്: 39
ഫ്രീകിക്ക്: 99
പൂർത്തിയാക്കിയ പാസ്: 3148
ശരാശരി പന്തവകാശം: 58%
ആകെ ലഭിച്ച കോർണർ: 33
ക്ലീൻ ഷീറ്റ്: 3
ഫൈനലിലേക്കുള്ള വഴി
ഗ്രൂപ്പ് മത്സരങ്ങൾ: അർജന്റീന 1 – 2 സൗദി അറേബ്യ
അർജന്റീന 2 – 0 മെക്സിക്കോ
അർജന്റീന 2 – 0 പോളണ്ട്
പ്രീക്വാർട്ടർ അർജന്റീന 2 – 1 ഓസ്ട്രേലിയ
ക്വാർട്ടർ ഫൈനൽ അർജന്റീന 2 – 2 നെതർലൻഡ്സ്
(പെനൽറ്റി ഷൂട്ടൗട്ട്: 4–3 ജയം)
സെമിഫൈനൽ അർജന്റീന 3 – 0 ക്രൊയേഷ്യ
മത്സരം: 6
ജയം: 5
തോൽവി: 1
സമനില: 0
FRANCE
അപ്രതീക്ഷിതമായി പടർന്ന പനിയാണ് ഫ്രാൻസ് ക്യാംപിലെ ആശങ്ക. വിങ്ങർ കിങ്‌സ്‍ലി കോമാൻ, ഡിഫൻഡർമാരായ റാഫേൽ വരാൻ, ഇബ്രാഹിം കൊനാട്ടെ, ദായെ ഉപമികാനോ എന്നിവരാണ് പനി മൂലം വെള്ളിയാഴ്ച വിശ്രമിച്ചത്. മിഡ്ഫീൽഡർ ഓറീലിയൻ ചൗമേനി, ഡിഫൻഡർ തിയോ ഹെർണാണ്ടസ് എന്നിവർക്ക് നേരിയ പരുക്കിന്റെ അസ്വസ്ഥതകളുമുണ്ടായിരുന്നു.
പരുക്കേറ്റ അഡ്രിയാൻ റാബിയോയ്ക്കു പകരം യൂസുഫ് ഫൊഫാനയാണ് മൊറോക്കോയ്ക്കെതിരെ സെമിഫൈനലിൽ കളിച്ചത്. എന്നാൽ 26 അംഗ സ്ക്വാഡിലെ 24 പേരും ഇന്നലെ പരിശീലനത്തിനിറങ്ങി. പരുക്കേറ്റു നേരത്തേ പുറത്തായ കരിം ബെൻസേമ, ഡിഫൻഡർ ലൂക്കാസ് ഹെർണാണ്ടസ് എന്നിവർ മാത്രമാണ് അൽ സദ്ദ് സ്പോർട്സ് ക്ലബ്ബിലെ പരിശീലന മൈതാനത്ത് ഇല്ലാതിരുന്നത്. ഫ്രാൻസ് ടീമിനെച്ചൊല്ലിയുള്ള ഏറ്റവും വലിയ അഭ്യൂഹം ടൂർണമെന്റിനു മുൻപ് പരുക്കേറ്റു മടങ്ങിയ കരിം ബെൻസേമ ഫൈനലിൽ ഇറങ്ങും എന്നതാണ്. ഈ ഊഹാപോഹം കൂടി അവസാനിപ്പിക്കുന്നതായി ഇന്നലത്തെ പരിശീലന സെഷൻ.
ഇന്നത്തെ ഫൈനലിൽ കൂടുതൽ ആരാധക പിന്തുണ അർജന്റീനയ്ക്കാണ്. സ്റ്റേഡിയത്തിൽ ഫ്രാൻസ് ആരാധകരുണ്ടാകും, പക്ഷേ അവരും ആർപ്പുവിളിക്കുക അർജന്റീനയ്ക്കുവേണ്ടിയാകും.
ദിദിയേ ദെഷാം (ഫ്രാൻസ് പരിശീലകൻ)
ഫ്രാൻസ് – ഫിഫ റാങ്കിങ്: 4
ഇവരാണ് ടോപ്:
ടോപ് സ്കോറർ: കിലിയൻ എംബപെ, 5 ഗോൾ
ടോപ് അസിസ്റ്റ്: അന്റോയ്ൻ ഗ്രീസ്മാൻ, 3 അസിസ്റ്റ്
ക്ലിയറൻസുകൾ: ദായെ ഉപമികാനോ, 29
ഇന്റർസെപ്ഷൻ: അഡ്രിയാൻ റാബിയോ, 5
ഗോളവസരങ്ങൾ സൃഷ്ടിച്ചത്: അന്റോയ്ൻ ഗ്രീസ്മാൻ, 14
സേവുകൾ: ഹ്യൂഗോ ലോറിസ്, 10
ഫൈനലിലേക്കുള്ള വഴി
ഗ്രൂപ്പ് മത്സരങ്ങൾ:
ഫ്രാൻസ് 4 – 1 ഓസ്ട്രേലിയ
ഫ്രാൻസ് 2 – 1 ഡെന്മാർക്ക്
ഫ്രാൻസ് 0 – 1 തുനീസിയ
പ്രീക്വാർട്ടർ ഫ്രാൻസ് 3 – 1 പോളണ്ട്
ക്വാർട്ടർ ഫൈനൽ ഫ്രാൻസ് 2 – 1 ഇംഗ്ലണ്ട്
സെമിഫൈനൽ ഫ്രാൻസ് 2 – 0 മൊറോക്കോ
മത്സരം: 6
ജയം: 5
തോൽവി: 1
സമനില: 0
അടിച്ച ഗോൾ: 13
വഴങ്ങിയ ഗോൾ: 5
ആകെ ഷോട്ട്: 85
ഗോൾ ഷോട്ട്: 32
ഫ്രീകിക്ക്: 72
പൂർത്തിയാക്കിയ പാസ്: 2,569
ശരാശരി പന്തവകാശം: 52%
ആകെ ലഭിച്ച കോർണർ: 33
ക്ലീൻ ഷീറ്റ്: 1