ഇടുക്കി: മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്‍റെ ചില്ല് തകർന്നു. മൂന്നാർ – ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ബസിനു മുന്നിലെത്തിയ ആന മുമ്പിലെ ഗ്ലാസിൽ തുമ്പിക്കൈ ഉപയോഗിച്ച് അമർത്തുകയായിരുന്നു. കൊമ്പുരഞ്ഞ് ബസിന്‍റെ ഗ്ലാസ് തകർന്ന നിലയിലാണ്.
ആന അല്പം വഴിമാറിയതോടെ ഡ്രൈവർ ബാബുരാജ് ബസ് വെട്ടിച്ച് മുന്നോട്ട് എടുത്തു. ആന വശത്തേക്കു മാറിയയുടൻ ബസുമായി ഡ്രൈവർ മുന്നോട്ടെടുത്തത് കൊണ്ട് കൂടുതല്‍ അപകടമുണ്ടായില്ല. ആന വരുന്നത് കണ്ട് യാത്രക്കാര്‍ പേടിച്ചെങ്കിലും ഡ്രൈവര്‍ മനസാനിധ്യം കൈവിടാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും തടസം സൃഷ്ടിച്ച് ഏറെ നേരം പടയപ്പ റോഡിൽ നിലയുറപ്പിച്ചു. ബസിന് പിന്നാലെ ഓടിച്ചെല്ലാനും ആന ശ്രമം നടത്തി. ഏറെ നേരം യാത്രക്കാരെ പരിഭാന്ത്രിയിലാക്കി റോഡിന് സമീപത്ത് നിലയുറപ്പിച്ച പടയപ്പ കാട്ടിലേക്ക് മടങ്ങിയതോടെയാണ് മൂന്നാർ – ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം പുനരാരംഭിച്ചത്. എന്തായാലും കെഎസ്ആര്‍ടെസി ഡ്രൈവറുടെ ധൈര്യം അപാരം ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.
അടുത്തിടെ ആനത്താരയിലൂടെ എത്തിയ ട്രാക്ടർ പടയപ്പ തട്ടിത്തെറിപ്പിച്ചിരുന്നു. ഒരാഴ്ച മുന്നെയാണ് സംഭവം. കൊളുന്തുമായി എത്തിയ ട്രാക്ടറുടെ മുമ്പിലാണ് പടയപ്പ എത്തിയത്. ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ തടഞ്ഞുനിര്‍ത്തിയതോടെ ഡ്രൈവര്‍ സെല്‍വവും തൊഴിലാളികളും ഓടി രക്ഷപ്പെട്ടു.
കലിമൂത്ത പടയപ്പ കൊളുന്തടക്കമുള്ള വാഹനം സമീപത്തെ കാട്ടിലേക്ക് കുത്തിമലത്തിയിട്ടു. 50 അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടശേഷം മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ തൊഴിലാളികള്‍ ശബ്ദണ്ടാക്കി മാറ്റിയശേഷമാണ് എസ്റ്റേറ്റ് ഓഫീസിലെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാന വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയ്യറായിട്ടില്ല.
ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഘലയില്‍ തമ്പടിച്ചതോടെ ഭയം ഇല്ലാതായി. പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഘലയിലാണ് പടയപ്പ ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്.