കൊച്ചി:വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച നടിയാണ് ശ്രുതി ജയന്‍. സംഗീതജ്ഞനായ ജയന്റെ മകളാണ് ശ്രുതി. നര്‍ത്തകി കൂടിയായ ശ്രുതിയുടെ കരിയര്‍ ആരംഭിക്കുന്നത് അങ്കമാലി ഡയറീസിലൂടെയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍ ശ്രുതിയ്ക്ക് സാധിച്ചിരുന്നു. പിന്നാലെ പൈപ്പിന്‍ ചുവട്ടിലെ പ്രണയം, നിത്യഹരിത നായകന്‍,ജൂണ്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?, തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടിയെടുത്തു.
ഇപ്പോഴിതാ നായികയായി മാറിയിരിക്കുകയാണ് ശ്രുതി. കൊറോണ ധവാനിലൂടെയാണ് ശ്രുതി നായികയാകുന്നത്. ഇയ്യടുത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം കുറുക്കനിലും ശ്രുതി ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. കൊറോണ ധവാനിലെ ലിപ് ലോക്ക് രംഗം വലിയ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ച് പ്രതിരിക്കുകയാണ് ശ്രുതി.
പ്രണയത്തില്‍ ചുംബനങ്ങള്‍ പതിവാണ്. ഉമ്മ വയ്ക്കാതെ ആരും പ്രണയിക്കാറുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് നമ്മുടെ സമൂഹത്തിലുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ അത് അഭിനയിച്ച് ഫലിപ്പിക്കാന്‍ ഒരു പ്രയാസവും തോന്നിയില്ലെന്നാണ് ശ്രുതി പറയുന്നത്. സിനിമാ അത് ഡിമാന്‍ഡ് ചെയ്യുന്നുമുണ്ട്. അത് ചെയ്തു കഴിഞ്ഞപ്പോള്‍ എങ്ങനെയാവും പ്രതികരണം എന്ന കാര്യത്തില്‍ ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് അത് മാറിയെന്നും ശ്രുതി പറയുന്നു.
ലിപ് ലോക്കിനെക്കുറിച്ചുള്ള ട്രോളുകളോടും സഹിഷ്ണുതയോടെയാണ് ശ്രുതി പ്രതികരിക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. അത് പോലെ തന്നെ എല്ലാവര്‍ക്കും ഓരോരോ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടല്ലോ എന്നാണ് ശ്രുതി ചോദിക്കുന്നത്. ലിപ്ലോക്ക് രംഗവുമായി ബന്ധപ്പെട്ട കമന്റുകള്‍ വായിച്ച് ഞാന്‍ ഒരുപാട് ചിരിച്ചുവെന്നും ശ്രുതി പറയുന്നു. അത് പ്രേക്ഷകരുടെ പ്രതികരണമാണ്. പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അതിനെ ആ ഒരു സെന്‍സില്‍ തന്നെ എടുക്കണം എന്നാണ് ശ്രുതിയുടെ നിലപാട്.
പിന്നെ എന്റെ സുഹൃത്തുക്കള്‍ ആണ് പലതും എനിക്ക് അയച്ചു തന്നത്. കമന്റുകളൊക്കെ കാണിച്ചു തരുമ്പോള്‍ ഞാനത് വായിച്ച് ചിരിച്ചിട്ടുണ്ടെന്നും താരം തുറന്ന്പ പറയുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട ഒരിടത്തുനിന്നും അതല്ല എന്ന് തെളിയിക്കേണ്ട ഒരു ചുമതല എനിക്കുണ്ടല്ലോ. അല്ലെങ്കില്‍ ആ ഇമേജ് ഒന്ന് ബ്രേക്ക് ചെയ്യണം എന്ന ആഗ്രഹം കൊണ്ടുകൂടിയാണ് ആ രംഗത്തില്‍ അഭിനയിക്കാന്‍ തയാറായതെന്നും ശ്രുതി തുറന്നു പറയുന്നു. ആ രംഗം സിനിമ ആവശ്യപ്പെടുന്നതാണെന്നും ശ്രുതി വ്യക്തമാക്കുന്നു.
ടൈപ്പ് കാസ്റ്റിങ് വരുമ്പോള്‍ അതില്‍ നിന്നും ഒരു ബ്രേക്ക് വേണമെന്ന് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നല്ല കോണ്‍ഫിഡന്‍സ് ഉണ്ടെന്നും താരം പറയുന്നു. കാരണം എന്റെ ഇമേജിനെ ഞാന്‍ തന്നെ ബ്രേക്ക് ചെയ്യുന്ന ഒരു രംഗമാണ് അത് എന്ന ഒരു ബോധ്യം എനിക്കിപ്പോള്‍ കൈവന്നിട്ടുണ്ട്. അതുതന്നെയാണ് പലപ്പോഴും മുന്നോട്ടു പോകാന്‍ നമ്മെ സഹായിക്കുന്നതെന്നും ശ്രുതി പറയുന്നു. സോഷ്യല്‍ മീഡിയയിലെ ഫോട്ടോഷൂട്ടുകളെക്കുറിച്ചും ശ്രുതി തന്റെ കാഴ്ചപ്പാട് പങ്കുവെക്കുന്നുണ്ട്.
സ്ത്രീ സൗന്ദര്യം എന്നു പറയുന്നത് ആസ്വാദകര്‍ക്ക് കാണാനുള്ളത് തന്നെയാണ്. സ്ത്രീ സൗന്ദര്യത്തെ കുറിച്ച് ഒരുപാട് പുസ്തകങ്ങളും ഭാരതത്തില്‍ ഉണ്ടല്ലോ എന്നാണ് ശ്രുതി പറയുന്നത്. സൗന്ദര്യം എന്ന് പറയുന്നത് പുരുഷന്മാര്‍ക്ക് മാത്രം കാണാനുള്ളതോ ആസ്വദിക്കാനുള്ളതോ അല്ല. അത് എല്ലാവര്‍ക്കും ആസ്വദിക്കാനുള്ളതാണെന്നാണ് ശ്രുതിയുടെ കാഴ്ചപ്പാട്. ഞാന്‍ സണ്ണി ലിയോണിയുടെ ഒരു ആരാധികയാണെന്നും ശ്രുതി പറയുന്നു.
പണ്ടൊക്കെ എല്ലാവരും ഒരുമിച്ച് ബ്ലൗസും മുണ്ടും ഉടുത്ത് കുളത്തില്‍ അല്ലെങ്കില്‍ തോട്ടിലൊക്കെ പോയി കുളിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്തിരുന്ന ഒരു നാടാണ് ഇത്. അവിടെനിന്നാണ് ഈ മൂടികെട്ടിയ സംസ്‌കാരം നമ്മുടെ നാട്ടിലേക്ക് വന്നതെന്നും ശ്രുതി അഭിപ്രായപ്പെടുന്നു. ഒരുപാട് മറകളാണ് നമുക്കിപ്പോള്‍ ഉള്ളത്. പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍ അതൊരു വിഷയമായിരുന്നില്ലെന്നും ശ്രുതി പറയുന്നു. അന്നും ഇതേപോലെയുള്ള നോട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ലെന്നാണ് ശ്രുതിയുടെ അഭിപ്രായം.
എന്നാല്‍ ഇടയ്ക്ക് മൂടിക്കെട്ടിയ ഒരു സമൂഹമുണ്ടായപ്പോള്‍ അതിലൂടെ സ്വാഭാവികമായും നോട്ടം മാറി. എല്ലാവരും കോണ്‍ഷ്യസ് ആവുന്ന ഒരു അവസ്ഥ എത്തിയെന്നും ശ്രുതി പറയുന്നു. സ്ത്രീയുടെ സൗന്ദര്യം ആയിരിക്കണം ആസ്വദിക്കേണ്ടത് എന്ന പക്ഷക്കാരിയാണ് ഞാന്‍. അല്ലാതെ അതിനുള്ളിലെ വള്‍ഗാരിറ്റി അല്ല ശ്രദ്ധിക്കേണ്ടതെന്നും കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ ഈ ചിന്ത എല്ലാവരിലേക്കും എത്തുമെന്നും ശ്രുതി പറയുന്നു. ഇപ്പോള്‍ നോട്ടങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും ശ്രുതി അഭിപ്രായപ്പെടുന്നുണ്ട്.