ടിക് ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനൊപ്പം വിവാഹിതയായ 19കാരി ഒളിച്ചോടി; മുങ്ങിയത് സഹോദരിയുടെ 25 പവന്‍ സ്വര്‍ണവുമായി
ടിക് ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനൊപ്പം വിവാഹിതയായ യുവതി ഒളിച്ചോടി. കഴിഞ്ഞ ദിവസം ശിവഗംഗ ദേവക്കോട്ടയിലാണ് സംഭവം. സിങ്കപ്പൂരില്‍ ജോലി ചെയ്ത് വരികയായിരുന്ന ആരോഗ്യ ലിയോയുടെ ഭാര്യ വിനീത(19)യാണ് കൂട്ടുകാരിയും തിരുപ്പൂര്‍ സ്വദേശിനിയുമായ അഭിയുടെ കൂടെ ഒളിച്ചോടിയത്. 25 പവന്‍ സ്വര്‍ണവുമായാണ് തന്റെ ടിക് ടോക്ക് പാര്‍ട്ട്ണറിനൊപ്പം യുവതി മുങ്ങിയത്. മാതാപിതാക്കള്‍ തിരുവേകമ്പത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഗതി പുറം ലോകമറിഞ്ഞത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ലിയോയും വിനീതയും വിവാഹിതരായത്. രണ്ട് മാസത്തിനുള്ളില്‍ സിങ്കപ്പൂരില്‍ ജോലി ശരിയായതോടെ ലിയോ അവിടേക്ക് പോകുകയായിരുന്നു. ഇതോടെ വീട്ടില്‍ തനിച്ചായ വിനീത സമയം പോകാനായി ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്ത് തുടങ്ങി. പിന്നീട് ഇതിന് അടിമയായി മാറുകയായിരുന്നു. അങ്ങനെയാണ് അഭിയെ പരിചയപ്പെടുന്നത്. ഇതേത്തുടര്‍ന്ന് അഭി വിനീതയുടെ വീട്ടില്‍ നിത്യസന്ദര്‍ശകയായി.
ലിയോ വിദേശത്ത് നിന്നും അയച്ച പണവും വിനീതയുടെ 20 പവന്‍ സ്വര്‍ണവും ആഡംബര ജീവിതത്തിലൂടെ ഇവര്‍ അടിച്ചുപൊളിച്ചു തീര്‍ത്തു. ആര്‍ഭാട ജീവിതത്തിന്റെ വീഡിയോകളും ഇവര്‍ ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ലിയോ ഈ മാസം 19-ാം തീയതി നാട്ടിലെത്തി. എന്നാല്‍ വീട്ടില്‍ എത്തിയ ലിയോയെ വിനീത അവഗണിച്ചു. ഇതിനിടെ വിനീതയുടെ കൈയില്‍ അഭിയുടെ ചിത്രം പച്ച കുത്തിയത് കണ്ട് ലിയോ ചോദ്യം ചെയ്തപ്പോള്‍ വിനീത ഉരുണ്ടുകളിച്ചു.
തുടര്‍ന്ന് ലിയോ നടത്തിയ അന്വേഷണത്തില്‍ താലിമാല അടക്കം ഒരു സ്വര്‍ണ്ണാഭരണവും വീട്ടിലില്ലെന്ന് മനസ്സിലാകുകയായിരിന്നു. ഇതോടെ ലിയോ വിനീതയെ അവരുടെ വീട്ടിലേക്ക് തിരികെ അയച്ചു. അച്ഛനും അമ്മയും വിനീതയെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ട് ദിവസത്തിന് ശേഷം മുതിര്‍ന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണ്ണവുമായി വിനീത അഭിയ്ക്കൊപ്പം നാടുവിടുകയായിരിന്നു.