അഹമ്മദാബാദ് : ബലാത്സംഗക്കേസ് ഒതുക്കാന്‍ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ വനിത പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബലാത്സംഗപ്രതിക്ക് എതിരെ കുറ്റം ചുമത്താതിരിക്കനാണ് കൈക്കൂലി വാങ്ങിയത്. അഹമ്മദാബാദ് വെസ്റ്റ് മഹിള പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശ്വേത ജഡേജയ്ക്ക് എതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
എഫ് ഐ ആർ അനുസരിച്ച് അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനിയിലെ രണ്ട് വനിതാജീവനക്കാർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ കെനാൽ ഷായ്ക്ക് എതിരെ ബലാത്സംഗ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിന് ഇടയിൽ ശ്വേത ജഡേജ പ്രതിയിൽ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധ പ്രവർത്തന നിയമം അനുസരിച്ച് ഷായ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇത്രയും തുക കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ നിയമം അനുസരിച്ച് പൊലീസിന് പ്രതിയെ അയാളുടെ ജില്ലയ്ക്ക് പുറത്തുള്ള ജയിലിലേക്ക് അയയ്ക്കാൻ കഴിയും.
കെനാൽ ഷായുടെ സഹോദരൻ ഭാവേഷിൽ നിന്നാണ് ശ്വേത 35 ലക്ഷം ആവശ്യപ്പെട്ടത്. 2019ലാണ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. കൈക്കൂലി ആവശ്യപ്പെട്ട് ശ്വേത ജഡേജ ഭാവേഷിനെ വിളിക്കുകയും ഇരുപക്ഷവും 20 ലക്ഷം രൂപയ്ക്ക് ഇരുവിഭാഗവും സമ്മതിക്കുകയും ചെയ്തു.സ്വീകരിച്ചത്. തുടർന്ന്, ബലാത്സംഗക്കേസിൽ 15 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരിയിൽ 20 ലക്ഷം സ്വീകരിച്ചതിനു ശേഷം ബാക്കിയുള്ള തുകയ്ക്കായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച കോടതി മുമ്പാകെ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.