30,000 രൂപയെ ചൊല്ലി തര്‍ക്കം; കണ്ണൂരില്‍ 22കാരി വ്യാപാരിയെ തട്ടികൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കി, പിന്നീട് സംഭവിച്ചത്
കണ്ണൂര്‍: 30,000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ മേഖലയിലും സ്ത്രീകള്‍ സജീവമാകുകയാണെന്നതിനുള്ള നല്ലൊരു ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ ഒരു തുക വ്യാപാരിക്ക് യുവതി നല്‍കിയിരുന്നു.
എന്നാല്‍ ഈ തുകയില്‍ നിന്നും 30000 രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ യുവതി ക്വട്ടേഷന്‍ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം നഗരമധ്യത്തില്‍ അഴിഞ്ഞാടി. പോലീസ് ഓപ്പറേഷനിടെ ക്വട്ടേഷന്‍ ഗ്രൂപ്പിലെ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു.
ഇക്കൂട്ടത്തില്‍ സംഘത്തിന്റെ തലപ്പത്തുള്ള പെണ്‍കുട്ടിയും രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ വ്യാപാരി പരാതി നല്‍കാത്തതിനാല്‍ യുവതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് പോലീസ്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം പോലീസ് കേസെടുത്തു.