പ്രതിശ്രുത വരനുമായി സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവതി മരിച്ചു
ചെന്നൈ: പ്രതിശ്രുതവരനുമായി സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പട്ടബിറാമിലുള്ള ഒരു ഫാമില്‍ തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. മേഴ്‌സി സ്റ്റെഫി എന്ന യുവതിയാണ് മരിച്ചത്. മേഴ്സി തന്റെ പ്രതിശ്രുതവരനായ അപ്പുവുമൊത്ത് ഫാം സന്ദര്‍ശിക്കുകയായിരുന്നു. ഫാമിലെ കിണറിന്റെ വശത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ മേഴ്സി ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനായി ഇരുവരും കിണറിന്റെ വശത്ത് വച്ചിരുന്ന ഗോവണിയില്‍ കയറി. എന്നാല്‍ സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട മേഴ്സി കിണറ്റിലേക്ക് വീഴുകയായിരുന്നു.
മേഴ്സിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപ്പുവും കിണറ്റില്‍ വീണു. ശേഷം അപ്പുവിന്റെ നിലവിളികേട്ട് ഫാമിലെ ജോലിക്കാര്‍ എത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ മേഴ്സിയെ കണ്ടെത്താനായില്ല. പിന്നീട് ജീവനക്കാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന സേനാഗംങ്ങള്‍ സംഭവസ്ഥലത്തെത്തിയെങ്കിലും മേഴ്സിയെ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അപ്പുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ജനുവരിയിലാണ് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.