CrimeNationalNews

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ എസ് യു വി കാറിടിച്ച് യുവതിക്ക് ​ഗുരുതര പരിക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ചണ്ഡിഗഡ്: ഡൽഹി സുൽത്താൻപുരിയിൽ പുതുവത്സരാഘോഷത്തിനിടെ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരിയെ 13 കിലോമീറ്റർ വലിച്ചിഴച്ച സംഭവത്തിന്റെ നടുക്കം മാറുംമുൻപേ ചണ്ഡിഗഡിൽ നിന്ന് സമാന സംഭവം റിപ്പോർട്ട് ചെയ്തു. വീടിന് സമീപത്തായി തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന 25കാരിയെ ഇടിച്ചിട്ട എസ് യു വി നിർത്താതെ പോയതായി പരാതി.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മാതാവ് മഞ്ചീന്ദർ കൗറിനൊപ്പം ഫുട്‌പാത്തിൽ നിന്ന് തെരുവുനായയ്ക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന തേജശ്വിതയെയാണ് കാറിടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവതി നിൽക്കുകയായിരുന്ന അതേദിശയിൽ നല്ല വേഗത്തിൽ എത്തിയ മഹീന്ദ്ര ഥാർ എസ് യു വി യു ടേൺ എടുക്കുന്നതും തേജശ്വിതയെ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന തേജശ്വിതയെ കണ്ട മാതാവ് അതുവഴി വരികയായിരുന്ന മറ്റ് വാഹനങ്ങളോട് സഹായം തേടിയെങ്കിലും ആരും നിർത്തിയില്ലെന്ന് പറയുന്നു. തുടർന്ന് മാതാവ് വീട്ടിൽ വിളിച്ചറിയിക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

ആ‌‌ർക്കിടെക്ചറിൽ ബിരുദധാരിയായ തേജശ്വിത സിവിൽ സർവീസ് പരീക്ഷക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. തേജശ്വിതയും മാതാവും തെരുവുനായകൾക്ക് പതിവായി ആഹാരം നൽകാറുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തേജശ്വിത സുഖം പ്രാപിച്ചുവരുന്നതായി കുടുംബം അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button