ഗോഹട്ടി: ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് നടന്ന് പോയ യുവതി പീഡനത്തിന് ഇരയായി. ആസാമിലെ ചരൈദിയോ ജില്ലയിലാണ് സംഭവം. കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നു 25 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് രാത്രിയില്‍ മകള്‍ക്കൊപ്പം നടന്ന് പോയ തോട്ടം തൊഴിലാളിയായ യുവതിയെയാണ് രണ്ടു പേര്‍ പീഡിപ്പിച്ചത്.
യുവതിയെ യുവാക്കള്‍ തെയിലത്തോട്ടത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. മേയ് 27നാണ് സംഭവം നടന്നത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് എല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്ക് ശേഷം രോഗം ഭേദമായതിനെ തുടര്‍ന്ന് യുവതിയോട് വീട്ടിലേക്ക് മടങ്ങാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ആംബുലന്‍സില്‍ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചു. ഉച്ചകഴിഞ്ഞ് 2.30നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്.
പ്രദേശത്ത് കൊവിഡ് കര്‍ഫ്യു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാത്രി ആശുപത്രിയില്‍ തങ്ങിക്കോട്ടെയെന്ന് ചോദിച്ചുവെങ്കിലും അതും അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് യുവതിയും മകളും രാത്രിയോടെ 25 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. വഴി മധ്യേയാണ് രണ്ട് യുവാക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്.
ഇവരുടെ കൈയില്‍ നിന്നു രക്ഷപെട്ട മകളാണ് വിവരം പ്രദേശവാസികളെ അറിയിച്ചത്. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം യുവതിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.