കോഴിക്കോട്: വാടകക്കുടിശ്ശിക ചോദിച്ചതിന് വ്യാജ സ്ത്രീപീഡന നല്‍കി വനിതാ എസ്ഐ പീഡിപ്പിക്കുകയാണെന്ന് വീട്ടുടമയുടെ പരാതി. വീട്ടുടമയായ റിട്ട. അധ്യാപകന്റെ മകളുടെ ഭര്‍ത്താവിന്റെ പേരിലാണ് സ്ത്രീപീഡനത്തിന് കള്ളപ്പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ എസ്ഐ റാങ്കിലുള്ള പോലീസ് ഓഫീസറാണ് പന്നിയങ്കര പോലീസില്‍ പീഡനപരാതി നല്‍കിയത്.
അതേസമയം, രഹസ്യാന്വേഷണവിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. തിരുവണ്ണൂര്‍ കുറ്റിയില്‍പടി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനു സമീപം താമസക്കാരായ വയോധികരായ അധ്യാപക ദമ്പതിമാര്‍ക്കും ഇവരുടെ ദുബായിലുള്ള മരുമകനുമെതിരെയാണ് പരാതി. കഴിഞ്ഞ അവധിക്ക് മരുമകന്‍ നാട്ടിലെത്തിയപ്പോള്‍ അധ്യാപക ദമ്പതിമാരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഈ തീയതി മനസ്സിലാക്കിയാണ് ഇവര്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് തന്റെ കൈക്ക് കയറിപ്പിടിച്ചെന്നും വഴങ്ങിക്കൊടുക്കാത്തതിനാണ് ഇത്തരമൊരു ശ്രമമുണ്ടായതെന്നുമാണ് പരാതി. തന്റെ വിവാഹമോതിരം ബലമായി ഊരിയെടുത്തെന്നും ഇവര്‍ പരാതിപ്പെടുന്നു.
മോതിരത്തിന്റെ വിലയായ 30,000 രൂപയും വാടകവീടിന് സെക്യൂരിറ്റിത്തുകയായി നല്‍കിയ 70,000 രൂപയും ഉള്‍പ്പെടെ ഒരുലക്ഷം രൂപ തിരികെനല്‍കണമെന്ന ആവശ്യവും പരാതിയിലുണ്ട്. ഇതേ പരാതിയില്‍ അധ്യാപകനെതിരേ സ്വകാര്യ അന്യായവും ഇവര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. രണ്ടാമതും വാടക്കരാര്‍ പുതുക്കി നല്‍കിയതോടെ കുടിശ്ശിക തുകയായ 1,43,000 രൂപയും വൈദ്യുതി കുടിശ്ശികയായ 4000 രൂപയും ഇവര്‍ വീട്ടുടമയ്ക്ക് നല്‍കാനുണ്ട്.
അതേസമയം, വകുപ്പുതല അന്വേഷണവുമായി വനിതാ എസ്ഐ സഹകരിക്കുന്നില്ലെന്ന് പന്നിയങ്കര പോലീസ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കുടുംബത്തിനെതിരേ വ്യാജപരാതി നല്‍കിയതോടെ അധ്യാപകന്‍ സിറ്റി പോലീസ് മേധാവി എവി ജോര്‍ജിന് പരാതി നല്‍കിയിരിക്കുകയാണ്. വിരമിച്ച അധ്യാപക ദമ്പതിമാരുടെയും വാടകക്കാരിയായ വനിതാ എസ്ഐയുടെയും പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടുപരാതികളുടെയും സത്യാവസ്ഥ അന്വേഷിച്ചുവരുകയാണെന്നും എവി ജോര്‍ജ് പറഞ്ഞു.