CrimeKeralaNews

തക്കലയിൽ നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം:  തമിഴ്നാട് തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭർത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിൻസയെ (31) ആണ് ഭർത്താവ് എബനേസർ (35) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി തക്കലയ്ക്ക് സമീപം പരയ്ക്കോട്ടിലാണ് സംഭവം. 

കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയാണ് ജെബ പ്രിൻസ. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോയ പ്രിൻസയുടെ വസ്ത്രധാരണ രീതിയിൽ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാൻ പ്രിൻസയുടെ പിതാവ് ജെബ സിംഗ് ഇവരെ മൂലച്ചലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിന് ശേഷം വീട്ടിലേക്ക് പോകാനായി ഇരുവരും ഒരുമിച്ച് ഇറങ്ങിയെങ്കിലും റോഡിൽ വെച്ച് വീണ്ടും തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ എബനേസർ തന്‍റെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച അരിവാളുകൊണ്ട് പ്രിൻസയെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

പ്രിൻസയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും എബനേസർ രക്ഷപ്പെട്ടിരുന്നു. തലയ്ക്ക് സാരമായ പരിക്കേറ്റ പ്രിൻസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തക്കല പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ പ്രതി എബനേസർ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബനേസര്‍ ആശുപത്രി വിട്ടാലുടൻ അറസ്റ്റ് ചെയ്യുമെന്ന് തക്കല പൊലീസ് പറഞ്ഞു. ഇരുവർക്കും ജെബ ശോഭൻ (14), ജെബ ആകാശ് (13) എന്നീ മക്കളുണ്ട്. 

സമാനമായ രീതിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയിലും ഒരു കൊലപാതകം നടന്നിരുന്നു.  ഒരുമിച്ച് താമസിക്കുകയായിരുന്ന സിന്ധു തന്നില്‍ നിന്നും അകലുകയാണെന്ന സംശയത്തെ തുടര്‍ന്ന് ഇവരുടെ പങ്കാളി രാജേഷാണ് കൊല നടത്തിയത്. തിരക്കുള്ള റോഡില്‍ വച്ച് പകല്‍ ഒമ്പത് മണിയോടെയായിരുന്നു സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button