തിരുവനന്തപുരം: പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. കഴിഞ്ഞ ദിവസമാണ് പാമ്പ് സ്‌നേഹി വാവ സുരേഷിന് കോട്ടയം കുറിച്ചിക്ക് സമീപം പാമ്പു കടിയേറ്റത്. അദ്ദേഹം ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ അനായാസമായി മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥ ആര്യനാട് കുളപ്പട സ്വദേശിനി ജി എസ് രോഷ്നിയാണ് ജനവാസകേന്ദ്രത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വളരെ വിദഗ്ധമായി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടു വളപ്പില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ മൂര്‍ഖനെ കണ്ട വിവരം പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ അറിയിക്കുകയും അപ്പോള്‍ തന്നെ റാപിഡ് റസ്പോണ്‍സ് ടീമിലെ ബീറ്റ് ഓഫിസര്‍ രോഷ്നി സ്ഥലത്ത് എത്തുകയും ചെയ്തു. പിടികൂടിയ പാമ്പിനെ വൈകിട്ടോടെ വനത്തിനുള്ളിലേക്ക് വിട്ടു. 2017 ലാണ് നിയമനം ലഭിച്ചത് 2019 ല്‍ പാമ്പ് പിടിത്തത്തില്‍ പരിശീലനം നേടി. അതുവരെ ഇക്കോ ടൂറിസം ചുമതലയിലായിരുന്നുവെന്ന് രോഷ്നി പറയുന്നു.
ചൂടുകാലമായതിനാലും, പാമ്പുകളുടെ പ്രജനന കാലം ആയതിനാലും നാട്ടിന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ ധാരാളം പാമ്പുകളെ കണ്ടു വരാറുണ്ടെന്ന് രോഷ്നി പറയുന്നു. വനംവകുപ്പില്‍ ജോലി ലഭിക്കുന്നതിന് മുമ്പ് ദൂരദര്‍ശനിലും ആകാശവാണിയിലും അവതാരകയായിരുന്നു രോഷ്നി.