31.3 C
Kottayam
Saturday, September 28, 2024

സുകുമാരക്കുറുപ്പിന്റെ ‘ബുദ്ധി’ രൂപസാദൃശ്യമുള്ള യുവതിയെ കൊന്ന് മുഖം വികൃതമാക്കി,പിന്നീട് സംഭവിച്ചത്‌

Must read

നോയിഡ: നോയിഡയിലും ‘സുകുമാരക്കുറുപ്പ്’ മോഡല്‍ കേസ്. ഷോപ്പിങ് മാള്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയശേഷം തന്റെ ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച യുവതിയും പങ്കാളിയായ യുവാവും പോലീസിന്റെ പിടിയില്‍. ദാദ്രി ബാദ്പുര സ്വദേശി പായല്‍ ഭാട്ടി(22) പങ്കാളി അജയ് ഠാക്കൂര്‍(28) എന്നിവരെയാണ് നോയിഡ പോലീസ് പിടികൂടിയത്.

ഷോപ്പിങ് മാളിലെ ജീവനക്കാരിയായിരുന്ന ഹേമ ചൗധരിയെയാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചത് പായല്‍ ഭട്ടാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനുശേഷം പായലിന്റെ മാതാപിതാക്കളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായെന്ന് ആരോപിക്കുന്ന ബന്ധുക്കളെ വകവരുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.

ഹേമയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതികളെ ബുലന്ദ്ഷഹറില്‍നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഗ്രേറ്റര്‍ നോയിഡയിലെ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായ പായലും അജയും ദമ്പതിമാരായാണ് വാടകവീട്ടില്‍ താമസിച്ചിരുന്നതെന്നും ബന്ധുക്കളെ കൊലപ്പെടുത്താനായി ഇവര്‍ വാങ്ങിയ തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

2022 മേയ് മാസത്തില്‍ മാതാപിതാക്കള്‍ ജീവനൊടുക്കിയതിന് പിന്നാലെയാണ് പായലിന് ബന്ധുക്കളായ ചിലരോടുള്ള പക ആരംഭിക്കുന്നത്. കടം വാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ നല്‍കാത്തതിന്റെ പേരില്‍ ബന്ധുക്കളായ ചിലര്‍ പായലിന്റെ മാതാപിതാക്കളെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഈ ഉപദ്രവവും ഭീഷണിയും താങ്ങാനാകാതെയാണ് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പായലിന്റെ ആരോപണം. മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ക്കെതിരേ യുവതി പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയൊന്നും ഉണ്ടായില്ല. ഇതോടെയാണ് അച്ഛന്റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദികളായവരെ വകവരുത്താന്‍ പായല്‍ തീരുമാനമെടുത്തത്.

സാമൂഹികമാധ്യമം വഴി പായലും അജയും 2020 മുതല്‍ സുഹൃത്തുക്കളായിരുന്നു. ഭാര്യയും കുട്ടികളുമുള്ള അജയ് പായലുമായി ഏറെ അടുപ്പത്തിലാവുകയും ചെയ്തു. ബന്ധുക്കളോട് പ്രതികാരം ചെയ്യാനായി തന്റെ കൂടെനിന്നാല്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് പായല്‍ അജയിനെ പദ്ധതിയില്‍ ഒപ്പംകൂട്ടിയത്. ഇതോടെ അജയ് കൂടെനില്‍ക്കാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഓരോ കാര്യങ്ങളും ആസൂത്രണം ചെയ്യുകയായിരുന്നു.

ആദ്യം താന്‍ ആത്മഹത്യ ചെയ്തതായി വരുത്തിതീര്‍ക്കാനും ഇതിനുശേഷം മുന്‍കൂട്ടി തീരുമാനിച്ച പ്രതികാരപദ്ധതികള്‍ നടപ്പാക്കാനുമായിരുന്നു പായലിന്റെ തീരുമാനം. പിന്നീടങ്ങോട്ട് കേരളത്തിലെ ‘ചാക്കോ കൊലക്കേസില്‍’ സുകുമാരക്കുറുപ്പ് ആസൂത്രണം ചെയ്ത അതേ പദ്ധതികളായിരുന്നു പ്രതികളായ രണ്ടുപേരും നടപ്പാക്കിയത്.

പായലുമായി രൂപസാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെത്താനായിരുന്നു പ്രതികളുടെ ശ്രമം. ആദ്യഘട്ടത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി തിരച്ചില്‍ നടത്തിയെങ്കിലും രൂപസാദൃശ്യമുള്ള ആരെയും കണ്ടെത്താനായില്ല. എന്നാല്‍ നവംബര്‍ ആദ്യം നഗരത്തിലെ ഷോപ്പിങ് മാളില്‍നിന്ന് അജയ് ഒരാളെ കണ്ടെത്തി. ഗൗര്‍ സിറ്റി മാളിലെ തുണിക്കടയില്‍ ജീവനക്കാരിയായ ഹേമ ചൗധരിയായിരുന്നു അജയ് കണ്ടെത്തിയ യുവതി. ഹേമയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയ അജയ്, ഇത് പായലിന് അയച്ചുനല്‍കി. ചിത്രം കണ്ടയുടന്‍ പായല്‍ ‘ഓക്കെ’ പറഞ്ഞു. ഇതോടെ അജയ് പിറ്റേദിവസം വീണ്ടും മാളിലെത്തി ഹേമയുമായി പരിചയം സ്ഥാപിക്കാന്‍ ശ്രമിച്ചു.

മാളിലെത്തിയ അജയ് തന്റെ വാക്ചാതുര്യം കൊണ്ട് ഹേമയുമായി സൗഹൃദം സ്ഥാപിച്ചു. ഏഴുവയസ്സുള്ള ആണ്‍കുട്ടിയുടെ അമ്മയാണ് ഹേമയെന്നും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും മനസിലായതോടെ ഇവരെ സാമ്പത്തികമായി സഹായിച്ച് ബന്ധം ദൃഢമാക്കാനായിരുന്നു അജയുടെ തീരുമാനം. യുവതിക്ക് പണം ആവശ്യമുള്ള സാഹചര്യമാണെന്ന് മനസിലായതോടെ 5000 രൂപ നല്‍കാമെന്നും അജയ് വാഗ്ദാനം ചെയ്തു.

പതിവായി മാളിലെത്തി സൗഹൃദം ഊട്ടിയുറപ്പിച്ചതോടെ ഹേമയെ അജയ് തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് നവംബര്‍ 12-ാം തീയതി രാത്രി ഹേമയെ മാളില്‍നിന്ന് ബൈക്കില്‍ കയറ്റി യാത്രതിരിച്ച അജയ് പായലിന്റെ വീട്ടിലേക്കാണ് പോയത്. ഈ സമയം പായലും രണ്ട് സഹോദരന്മാരും വാടകയ്ക്ക് താമസിക്കുന്നയാളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ മറ്റുമൂന്നുപേര്‍ക്കും പായല്‍ ഭക്ഷണത്തില്‍ മയക്കുഗുളിക കലര്‍ത്തിനല്‍കിയതിനാല്‍ ഇവരെല്ലാം ഉറക്കത്തിലായിരുന്നു.

പായലിന്റെ വീട്ടിലെത്തിയ ഹേമയെ അജയ് വീടിന്റെ ടെറസിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും ചേര്‍ന്ന് ഹേമയെ ബലംപ്രയോഗിച്ച് കീഴടക്കുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തു. പിന്നാലെ കൈത്തണ്ടയില്‍ കത്തി കൊണ്ട് വരച്ച് മുറിവുണ്ടാക്കി. ആളെ തിരിച്ചറിയാതിരിക്കാന്‍ തിളച്ച എണ്ണ ഒഴിച്ച് കഴുത്തും മുഖവുമെല്ലാം വികൃതമാക്കി. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പായലിന്റെ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ പായല്‍ നേരത്തെ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൈയില്‍ ചില പാടുകളും ഉണ്ടായിരുന്നു. ഇതിനാലാണ് ഹേമയുടെ കൈത്തണ്ടയിലും പ്രതികള്‍ മുറിവുണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.

പിറ്റേദിവസമാണ് സഹോദരന്മാര്‍ യുവതിയുടെ മൃതദേഹം കാണുന്നത്. ഇതിനൊപ്പം ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പൂരി ഉണ്ടാക്കുന്നതിനിടെ തിളച്ച എണ്ണ ദേഹത്തുവീണ് ഗുരുതരമായി പൊള്ളലേറ്റെന്നും ഇനി ആരും തന്നെ ഇഷ്ടപ്പെടില്ലെന്നും അതിനാല്‍ കൈമുറിച്ച് ആത്മഹത്യ ചെയ്യുകയാണെന്നുമാണ് പായലിന്റെ കൈയക്ഷരത്തിലുണ്ടായിരുന്ന കുറിപ്പിലുണ്ടായിരുന്നത്. ഇതോടെ പായല്‍ ആത്മഹത്യ ചെയ്തതാണെന്ന് സഹോദരങ്ങള്‍ ഉറപ്പിച്ചു. വിവരം പോലീസില്‍ പോലും അറിയിക്കാതെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

നവംബര്‍ 15-ന് ഹേമയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി ബിസ്‌റാഖ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഹേമയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച പോലീസ് സംഘം, നവംബര്‍ 12-ന് അജയുടെ ഫോണില്‍നിന്നാണ് അവസാനമായി കോള്‍ വന്നതെന്ന് കണ്ടെത്തി.
മാളിന് സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെ ഹേമയും അജയും ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഹേമയുടെ മൊബൈല്‍ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചത് ബാദ്പുര മേഖലയിലാണെന്നും കണ്ടെത്തി.

ഒരുഭാഗത്ത് ഹേമയ്ക്കായുള്ള അന്വേഷണം നടത്തുന്നതിനിടെ ഉത്തര്‍പ്രദേശിലെ മറ്റൊരിടത്ത് അജയ്ക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നവംബര്‍ 12-ാം തീയതി മുതല്‍ അജയുടെ യാതൊരു വിവരവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളാണ് സിക്കന്ദരാബാദ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതോടെ രണ്ടു മിസ്സിങ് കേസുകളും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒടുവില്‍ അജയിയെ തേടിയുള്ള അന്വേഷണം ബുലന്ദ്ഷഹറിലെത്തി. ഇവിടത്തെ ബീസ കോളനിയില്‍ അടുത്തിടെ ഒരു യുവാവും യുവതിയും താമസം ആരംഭിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അടുത്തിടെ വിവാഹം കഴിഞ്ഞവരാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തിരുന്നത്. പോലീസ് സംഘം ഇവിടെ എത്തിയതോടെ അജയിനെയും പായലിനെയും കണ്ടെത്തി. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഹേമയുടെ തിരോധാനത്തില്‍ ചുരുളഴിഞ്ഞത്.

ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായതിന് പിന്നാലെ പായലും അജയും തോക്കും തിരകളും വാങ്ങിയിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ബന്ധുക്കളെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ഇതെല്ലാം വാങ്ങിവെച്ചിരുന്നത്. എന്നാല്‍ ഇവരുടെ പദ്ധതി നടപ്പാക്കും മുമ്പേ പോലീസിന്റെ പിടിവീഴുകയായിരുന്നു.

പ്രതികളില്‍നിന്ന് തോക്കും തിരകളും ഹേമയുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊലപാതകത്തിന് ശേഷം ഹേമയുടെ വസ്ത്രങ്ങള്‍ റോഡരികിലെ കുളത്തില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അജയുടെ ബൈക്കും ഇവരുടെ വിവാഹസര്‍ട്ടിഫിക്കറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം പായലിന്റെ വീട്ടില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ ടെറസില്‍ രക്തക്കറയും കണ്ടെത്തി. അറസ്റ്റിലായ രണ്ട് പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week