തിരുവനന്തപുരം: ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭര്‍ത്തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. ബാലരാമപുരം പൊറ്റവിള സ്വദേശിനി ഷിബുജ കുമാരിയേയാണ് ഭര്‍ത്താവ് ഷിബുവിന്റെ കുടുംബം വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. ഷിബുജയുടെ പേരിലുണ്ടായിരുന്ന സ്ഥലവും ഭര്‍ത്താവിന്റെ സമ്പാദ്യവും ബന്ധുക്കള്‍ തട്ടിയെടുത്തതായും യുവതി പറയുന്നു.
ശക്തിയായി ഒരു കാറ്റ് വീശിയാല്‍ പറന്നു പോകുന്ന ഈ ടാര്‍പോളിന്‍ മറച്ച കൂരയ്ക്കുള്ളിലാണ് ഷിബുജയെന്ന നാല്‍പതുകാരിയുടെ ജീവിതം. ചെറിയൊരു മഴ പെയ്താല്‍ കൂരയ്ക്കുള്ളില്‍ വെള്ളം നിറയും. കാട് പിടിച്ച സമീപത്തെ പറമ്പില്‍ നിന്ന് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മഞ്ഞപ്പിത്തം ബാധിച്ച് ഭര്‍ത്താവ് ഷിബു നാലര വര്‍ഷം മുമ്പാണ് മരിച്ചത്. പിന്നീട് ഭര്‍ത്താവിന്റെ സഹോദരിയുടെ പീഡനം സഹിക്ക വയ്യാതെ ഷിബുജ വീട് വിട്ടിറങ്ങി.
ആകെ ഉണ്ടായിരുന്ന ആശ്രയം രോഗബാധിതനായ സഹോദരനായിരുന്നു. ആറ് ദിവസം മുമ്പ് ന്യൂമോണിയ മൂര്‍ച്ഛിച്ച് അദ്ദേഹം മരിച്ചു. പോകാനിടമില്ലാതായി. വീട്ടുകാര്‍ വാങ്ങി നല്‍കിയ മൂന്ന് സെന്റ് സ്ഥലം ഭര്‍ത്താവിന്റെ കുടുംബം തട്ടിയെടുത്തു. നിലവില്‍ അടച്ചുറപ്പില്ലാത്ത ഈ പുറംപോക്കിലെ കൂരയില്‍ ഒറ്റയ്ക്കാണ് ഷിബുജയുടെ ജീവിതം. ശ്വാസമടക്കിപ്പിടിച്ചാണ് ഓരോ രാത്രിയും ഇവര്‍ തള്ളി നീക്കുന്നത്.
തന്റെ ഏക സമ്പാദ്യമായ സ്ഥലം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പല തവണ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങി. നാളിതുവരെ ഫലമുണ്ടായില്ല. ഡിജിപിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സ്ത്രീധനമായി വാങ്ങിയ സ്വര്‍ണമടക്കം ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൈവശംവച്ചിരിക്കുന്നു എന്നാണ് യുവതി പറയുന്നത്. തനിക്ക് നീതി ലഭ്യമാക്കാന്‍ അധികൃതര്‍ സഹായിക്കണമെന്നാണ് യുവതിയുടെ ആവശ്യം.