30 C
Kottayam
Friday, May 17, 2024

കൈയില്‍ 2000 രൂപയുടെ നോട്ടേയുള്ളൂവെന്ന് പറഞ്ഞ് ദീര്‍ഘദൂര സവാരി, വഴിമധ്യേ ഓട്ടോഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ഒടുവില്‍ മുങ്ങാന്‍ ശ്രമിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

Must read

മലപ്പുറം: കൈയില്‍ പണമില്ലാതെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു മലപ്പുറത്തേക്ക് ഓട്ടോറിക്ഷ വിളിച്ച യുവതി ഓട്ടോഡ്രൈവറെ വലച്ചതു മണിക്കൂറുകള്‍. യാത്രാമധ്യേ ഇറങ്ങി മുങ്ങിയ യുവതിയെ നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പറഞ്ഞുവിട്ടു.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരി ഓട്ടോറിക്ഷയില്‍ കയറിയത്. മലപ്പുറത്ത് ബന്ധുവീട്ടില്‍ പോകണമെന്നു പറഞ്ഞ് കയറിയ യുവതി കൈയില്‍ 2000 രൂപയുടെ നോട്ടേയുള്ളൂവെന്നും ചില്ലറയില്ലെന്നും പറഞ്ഞു. അതിനിടെ ജ്യൂസ് വാങ്ങിത്തരണമെന്ന് പറഞ്ഞതോടെ വഴിയില്‍ നിര്‍ത്തി ഓട്ടോഡ്രൈവര്‍ ജ്യൂസും വാങ്ങി നല്‍കി.

ചങ്ങരംകുളത്ത് എത്തിയതോടെ ഓട്ടോയില്‍ ഡീസല്‍ തീര്‍ന്നു. ഡീസല്‍ അടിക്കാന്‍ യുവതിയോട് പണം ആവശ്യപ്പെട്ടതും അവര്‍ ഫോണ്‍ ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്നുനീങ്ങുകയായിരുന്നു. ഇതു കണ്ട് ടൗണിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ഡ്രൈവറോടു കാര്യം തിരക്കി. പന്തികേട് തോന്നിയതോടെ നാട്ടുകാര്‍ യുവതിയെ തടഞ്ഞുനിര്‍ത്തി. കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കൈയില്‍ പണമില്ലെന്നറിയുന്നത്.

ഒടുവില്‍ നാട്ടുകാര്‍ യുവതിയെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസുകാര്‍ ചോദ്യം ചെയ്തതോടെ യുവതി കാര്യം പറഞ്ഞു. വീട് കണ്ണൂരില്‍ ആണ്. ഭര്‍ത്താവ് മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുന്നതുകൊണ്ട് മലപ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്കു പോകാനിറങ്ങിയതാണ്. അവിടെ എത്തി അവരുടെ കൈയില്‍നിന്നു പണം വാങ്ങി ഓട്ടോക്കാരനെ പറഞ്ഞുവിടാമെന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു.

പോലീസ് കണ്ണൂരിലെ വീട്ടുകാരെ വിളിച്ചപ്പോള്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി ഒപ്പം പറഞ്ഞുവിടാനായിരുന്നു മറുപടി. തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മര്‍ദത്തിനു വഴങ്ങി യുവതി ഭര്‍ത്താവിനൊപ്പം മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week