CrimeKeralaNews

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, വ്യാജ അഭിമുഖവും മെഡിക്കലും; യുവതി അറസ്റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പോലീസ് പിടിയില്‍. മഹാരാഷ്ട്ര നവി മുംബൈയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ മേരി സാബു (34)വിനെയാണ് കാലടി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നവി മുംബൈ സ്വദേശി കിഷോര്‍ വെനേറാമിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അസര്‍ബയ്ജാനില്‍ റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂര്‍ സ്വദേശി സിബിനില്‍ നിന്ന് 1.25 ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ എന്ന റിക്രൂട്ടിങ് സ്ഥാപനം വഴിയാണ് വിദശത്തേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തത്. പരാതിക്കാരനെ മുംബൈയിലേക്ക് വിളിച്ചു വരുത്തി അഭിമുഖവും മെഡിക്കല്‍ പരിശോധനയും നടത്തി. വിസയ്ക്കും മറ്റുമായി 1.25 ലക്ഷം രൂപ കൈപ്പറ്റുകയും തട്ടിപ്പുസംഘം വ്യാജ വിസ നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. നിരവധി പേരില്‍ നിന്ന് ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇന്‍സ്‌പെക്ടര്‍ എന്‍.എ.അനൂപ്, എസ്.ഐ.മാരായ ജെ.റോജോമോന്‍, എം.സി.ഹാരീഷ്, ജെയിംസ് മാത്യൂ, വി.കെ.രാജു, സീനിയര്‍ സി.പി.ഒ.മാരായ മീര രാമകൃഷ്ണന്‍, എം.ബി.ജയന്തി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button