മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്സ് (Threads) എന്ന ആപ്പ് ലോഞ്ച് ചെയ്തതിന് പിന്നാലെ വൻതോതിൽ ഡൌൺലോഡ് ചെയ്യപ്പെട്ടു. ആദ്യത്തെ മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് ഉപയോക്താക്കളെ നോടാനും പ്ലാറ്റ്ഫോമിന് സാധിച്ചിരുന്നു. ട്വിറ്ററിന് സമാനമായ സവിശേഷതകളോടെ വരുന്ന ഈ പ്ലാറ്റ്ഫോമിലേക്ക് ഇൻസ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ലോഗിൻ ചെയ്യേണ്ടത്. ത്രഡ്സിലെ ആളുകളുടെ ബഹളം പതിയെ കുറയുന്നതായാണ് പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ത്രഡ്സ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്.
ആദ്യ ഘട്ടത്തിൽ നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ നിന്ന് ത്രെഡ്സിലേക്ക് മൈഗ്രേറ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി മറിയുകയാണ്. വെറും 10 ദിവസത്തിനുള്ളിൽ ആപ്പ് 150 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ നേടിയെങ്കിലും, അതിന്റെ ദൈനംദിന ഉപയോഗം ഏകദേശം 50 ശതമാനം കുറഞ്ഞിരിക്കുകയാണ്. പ്ലാറ്റ്‌ഫോമിന്റെ ദൈനംദിന ഉപയോഗം ഗണ്യമായി കുറഞ്ഞിരിക്കുകയാണ് എന്നും നേരത്തെ ഉണ്ടായിരുന്ന 20 മിനിറ്റിനെ അപേക്ഷിച്ച് പ്രതിദിനം 10 മിനിറ്റ് മാത്രമേ ഇപ്പോൾ ആളുകൾ ത്രഡ്സിൽ ചിലവഴിക്കുന്നുള്ളു എന്നുമാണ് പുതിയ കണക്കുകൾ.
സെൻസർ ടവർ പുറത്ത് വിട്ട ഡാറ്റ അനുസരിച്ച് ജൂലൈ 5ന് ലോഞ്ച് ചെയ്തതിന് ശേഷം ത്രെഡ്സിന്റെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 20 ശതമാനം കുറഞ്ഞിരിക്കുകയാണ്. സമാനമായി ആൻഡ്രോയിഡ് ഫോണുകളിലെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളിൽ 25 ശതമാനത്തിലധികം കുറവ് ആഗോള തലത്തിൽ തന്നെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്ലാറ്റ്‌ഫോമിൽ ആളുകൾ ചിലവഴിക്കുന്ന സമയത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്.
ഉപയോഗത്തിൽ കുറവുണ്ടാകുമ്പോഴും ത്രെഡ്സിന്റെ ഈ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തിട്ട് അധിക കാലമായിട്ടില്ല എന്നകാര്യം ഓർമ്മിക്കേണ്ടതുണ്ട്. തുടക്കത്തിലെ കണക്കുകൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാവി നിശ്ചയിക്കില്ലെന്ന് ഉറപ്പാണ്. വൈകാതെ മെറ്റ ട്വിറ്ററിന് സമാനമായ കൂടുതൽ സവിശേഷതകൾ ത്രെഡ്സിൽ കൊണ്ടുവരുമെന്നാണ് സൂചനകൾ. ഇത് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ത്രെഡ്സിലെ ദൈനംദിന ഉപയോഗം വർധിപ്പിക്കാനും സഹായിച്ചേക്കും. നിലവിൽ പ്ലാറ്റ്ഫോമിലുള്ള പ്രശ്നങ്ങൾ കമ്പനി തന്നെ അംഗീകരിക്കുന്നുണ്ട്.
ഡാറ്റ.എഐയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് ആഗോളതലത്തിലെ ത്രെഡസ് ആപ്പിന്റെ ഡൗൺലോഡുകളുടെ 33 ശതമാനവും ഇന്ത്യയിലാണ് നടന്നിട്ടുള്ളത്. ആപ്പിന്റെ 22 ശതമാനം ഡൌൺലോഡ് ചെയ്തത് ബ്രസീലും 16 ശതമാനം അമേരിക്കയിലുമാണ്. ആക്ടീവ് യൂസേഴ്സിന്റെ ശതമാനം ത്രെഡ്സിൽ കുറഞ്ഞപ്പോൾ തന്നെ തന്റെ പ്ലാറ്റ്‌ഫോമിലെ ആഗോള ഉപയോഗം 3.5 ശതമാനം വർധിച്ചുവെന്ന് ട്വിറ്ററിന്റെ സിഇഒ എലോൺ മസ്‌ക് അവകാശപ്പെട്ടു. ഇക്കാര്യത്തിൽ ഔദ്യോഗികമായ കണക്കുകളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.
പ്രൊഫൈൽ പേജ് വ്യൂസിൽ നിന്നുള്ള പരസ്യ വരുമാനം ഷെയർ ചെയ്യാനും ട്വിറ്റർ പദ്ധതിയിടുന്നുണ്ട്. പരസ്യവരുമാനത്തിൽ ഗണ്യമായ ഇടിവാണ് ട്വിറ്ററിൽ ഉണ്ടായിരിക്കുന്നത്. വരുമാനത്തിലെ 50 ശതമാനം ഇടിവ് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി ട്വിറ്റർ നേരിടുന്നുവെന്ന് മസ്‌ക് അടുത്തിടെ സമ്മതിച്ചിരുന്നു. സൈൻ അപ്പുകളുടെ കാര്യത്തിൽ മെറ്റയുടെ ത്രെഡ്സ് ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചുവെന്നും വൈകാതെ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ത്രെഡ്സ് ആക്ടീവ് യൂസേഴ്സിന്റെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.