സെന്‍റ് കിറ്റ്സ്: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കീമോ പോളും ഷെമ്രാ ബ്രൂക്സും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഒഡീന്‍ സ്മിത്തും ഡെവോണ്‍ തോമസും വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.
മറുവശത്ത് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ തിളങ്ങിയ രവി ബിഷ്ണോയിക്ക് നേരിയ പരിക്കുള്ളതിനാല്‍ പേസര്‍ ആവേശ് ഖാന്‍ ഇന്ത്യയുടെ അന്തിമ ഇളവനിലെത്തി. ബിഷ്ണോയിക്ക് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കാതെ ആവേശിനെ കളിപ്പിച്ചത് ആരാധകരെ ആശ്ചര്യപ്പെടുത്തി.
ആദ്യ മത്സരത്തില്‍ പൂജ്യനായി പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഹൂഡ സ്ഥാനം നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ വണ്‍ ഡൗണായി എത്തിയ അയ്യര്‍ നാലു പന്ത് നേരിട്ട് പുജ്യനായി പുറത്തായിരുന്നു. ഫോമിലുള്ള ദീപക് ഹൂഡയെ കളിപ്പിക്കാതെ ശ്രേയസിനെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലും ശ്രേയസിനെ ഒരിക്കല്‍ കൂടി പരീക്ഷിക്കാനാണ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്.
രോഹിത് ശര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവ് തന്നെയാകുമോ ഇന്നും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നതാണ് ആരാധകരില്‍ ആകാംക്ഷ ഉയര്‍ത്തുന്ന മറ്റൊരു കാര്യം. ആദ്യ മത്സരത്തില്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 24 റണ്‍സെടുത്ത് പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് മടങ്ങിയിരുന്നു. ഇന്ത്യന്‍ സമയം എട്ടു മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം കളിക്കാരുടെ കിറ്റ് അടക്കമുള്ള ലഗേജ് എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്.