തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒരു വനിത വന്നുകൂടായ്കയില്ലെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ. കഴിവും കാര്യക്ഷമതയും ഉള്ള ഒരു സ്ത്രീ മുന്നിൽ ഉണ്ടെങ്കിൽ അത്തരമൊരു തീരുമാനമെടുക്കാൻ മടി കാണിക്കുന്ന പാർട്ടിയല്ല സി പി എം എന്നും ശൈലജ പറഞ്ഞു.
ഭാവിയിൽ വനിതാ മുഖ്യമന്ത്രി ഉണ്ടായേക്കാം. എന്നാൽ തന്റെ കാര്യമാണെങ്കിൽ ഇല്ല എന്നാണ് അതിന് ഉത്തരം. താൻ എന്ന വ്യക്തിയെ കുറിച്ച് അങ്ങനെ സങ്കൽപ്പിക്കേണ്ട കാര്യമില്ലെന്നും ശൈലജ പറഞ്ഞു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ശൈലജ മത്സരിക്കുമോയെന്ന ചോദ്യത്തിന് എല്ലാ തിരഞ്ഞെടുപ്പിലും താൻ തന്നെ മത്സരിക്കേണ്ടതുണ്ടോയെന്നായിരുന്നു മറുചോദ്യം. പാർട്ടിയിൽ മത്സരിക്കാൻ വേറെയും നിരവധി ആളുകൾ ഉണ്ടെന്നും ശൈലജ പറഞ്ഞു.
ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ നിന്നും ഒഴിവാക്കിയ നടപടിയ്ക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ പരിഗണിക്കപ്പെടാത്തതിൽ നിരാശയില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ജയിച്ച് വന്നാൽ മന്ത്രിയാകാം എന്ന രീതി സി പി എമ്മിൽ ഇല്ല. അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് മന്ത്രിയായാലും ഇല്ലെങ്കിലും അത് ഒരുപോലെ തന്നെയാണ്.
എന്നെക്കാൾ കഴിവുള്ളവർ വേറെയില്ലെന്ന് ചിന്തിക്കുന്നത് തെറ്റായ കാര്യമാണ്. എന്നെ ഏൽപ്പിച്ച കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവ്വഹിച്ചുവെന്നതാണ് ഞാൻ ചെയ്ത കാര്യം. ആരോഗ്യമന്ത്രിയായി മാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്ന് വിചാരിച്ചാൽ ഞാൻ ഇല്ലാതെ അവിടെ എന്താകും എന്ന തോന്നൽ ഉണ്ടാകും. ഞാനൊരു പാർട്ടി പ്രവർത്തകയാണ്, എംഎൽഎയാണ്, കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ ഉള്ള ഉത്തരവാദിത്തവും എനിക്കുണ്ട്’, ശൈലജ വ്യക്തമാക്കി.
ഈ നാട്ടിലെ മനുഷ്യരുടെ സ്നേഹം മാത്രം കിട്ടിയാൽ തന്നെ താൻ സന്തോഷവതിയാണ്. എന്നെക്കാൾ നന്നായി പ്രവർത്തിച്ച പലർക്കും ചിലപ്പോൾ എനിക്ക് ലഭിച്ചത് പോലുള്ള പദവികൾ ലഭിച്ചിട്ടുണ്ടാകില്ല. ഞാൻ നാല് തവണ എംഎൽഎ ആയി, മന്ത്രിയായി കേന്ദ്രകമ്മിറ്റി അംഗമായി. ഈ പദവികൾ തന്നെ പാർട്ടി ഒന്നും തന്നില്ലെന്ന് കുറ്റപ്പെടുത്താൻ തനിക്ക് ആവില്ലെന്നും അവർ പറഞ്ഞു.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിന് പ്രതികരണം ഇങ്ങനെ’മാധ്യമ വാർത്തകൾ പ്രകാരം ഞാൻ ഇപ്പോൾ തന്നെ പല മണ്ഡലങ്ങളിൽ മത്സരിക്കേണ്ടി വരും. എന്നാൽ ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യമൊന്നും ചർച്ചകളിൽ വന്നിട്ടേയില്ല. ഞാൻ ഇപ്പോൾ എംഎൽഎയുമാണല്ലോ’, ശൈലജ പറഞ്ഞു.