KeralaNews

കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം; നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം

താമരശേരി:കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിനുമുന്നിലാണ് പ്രതിഷേധം നടക്കുന്നത്. കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട റഷീദിന്റെ മൃതദേഹവുമായിയാണ് പ്രതിഷേധിക്കുന്നത്. മരിച്ച റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബന്ധുക്കളുടെയും കര്‍ഷക സംഘടനകളുടെയും ആവശ്യം.

കഴിഞ്ഞ ഒക്ടോബര്‍ ആറാം തീയതിയാണ് കൂരാച്ചുണ്ട് സ്വദേശിയായ റഷീദിന് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കട്ടിപ്പാറയ്ക്ക് അടുത്ത് വെച്ച് കാട്ടുപന്നി റഷീദിന്റെ ഓട്ടോയിലിടിച്ചാണ് വാഹനം മറിഞ്ഞ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ റഷീദ് ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു മരണം.

അതേസമയം കാട്ടുപന്നിയിടിച്ചല്ല ഓട്ടോ മറിഞ്ഞതെന്നും അപകട ദിവസം പരിസരത്ത് പരിശോധന നടത്തിയിരുന്നു എന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ചാണ് മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button