കോട്ടയം: സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണ് ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നിലെന്ന് പൊലീസിന്റെ നിഗമനം. ‘ഞങ്ങള്‍ക്കൊന്നും തരത്തില്ല, എല്ലാം അയാളുടെ വീട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും കൊടുക്കും’ എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ഭര്‍ത്താവ് സതീഷിന് (38) മാനസികരോഗികള്‍ക്ക് നല്‍കുന്ന വീര്യം കൂടിയ മരുന്നു നല്‍കിയ കേസില്‍ അറസ്റ്റിലായ മീനച്ചില്‍ പാലാക്കാട് സതീമന്ദിരം ആശാ സുരേഷി(36)നെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആശയും അവരുടെ വീട്ടുകാരും ചേര്‍ന്ന് തന്നെ ഇല്ലാതാക്കി താന്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയ ബിസിനസും സ്വത്തും തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്ന് ഭര്‍ത്താവ് സതീഷ് പൊലീസിനോട് പറഞ്ഞു. താന്‍ ഇല്ലാതായാല്‍ തന്റെ സ്വത്തിന് വേണ്ടി തിരുവനന്തപുരത്തുനിന്ന് ആരും വരില്ലെന്നാണ് അവര്‍ കരുതിയതെന്നും ഇയാള്‍ പറയുന്നു. ഭര്‍ത്താവ് കുറച്ചു ദിവസം വീട്ടില്‍ വരാതിരുന്നപ്പോള്‍, മരുന്ന് ഓഫീസിലെത്തിച്ചും വെള്ളത്തില്‍ കലര്‍ത്തിയും ഭര്‍ത്താവിന് യുവതി നല്‍കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചു.
യുവാവിന് തുടര്‍ച്ചയായി അനുഭവപ്പെട്ടിരുന്ന ക്ഷീണമാണ് ഭാര്യയുടെ മരുന്ന് നല്‍കലിന്റെ ചുരുളഴിച്ചത്. ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും ഷുഗര്‍ താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാല്‍ 2021 സെപ്റ്റംബര് മാസത്തില്‍ 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് തോന്നിയ സംശയമാണ് പരാതിയിലേക്കും കേസിലേക്കും നയിച്ചത്.
ഭാര്യയുടെ കൂട്ടുകാരിയോട് സതീഷ് ക്ഷീണത്തെക്കുറിച്ച് പറയുകയും, എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോയെന്ന് ഭാര്യയോട് ചോദിച്ചറിയണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂട്ടുകാരി ആശയോട് കാര്യം തിരക്കിയപ്പോഴാണ് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്ന കാര്യം വെളിപ്പെട്ടത്. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് വാട്സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഭര്‍ത്താവ് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് വീട് പരിശോധിച്ച് മരുന്ന് പിടിച്ചെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.യുവതിക്ക് മരുന്ന് നല്‍കിയ ആളില്‍ നിന്നടക്കം മൊഴിയെടുത്തിട്ടുണ്ട്. മുന്‍കാല പരിചയമുള്ളതിനാലാണ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതിരുന്നിട്ടും യുവതിക്ക് മെഡിക്കല്‍ ഷോപ്പില്‍നിന്ന് മരുന്ന് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
2006ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സതീഷ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. പാലായിലെ ഭാര്യവീട്ടിലും വാടക വീട്ടിലുമായിരുന്നു താമസം. യുവാവിന്റെ ഐസ്‌ക്രീം ബിസിനസ് പച്ചപിടിച്ചതോടെ പാലാക്കാട്ട് സ്വന്തമായി വീട് വാങ്ങി കുടുംബസമേതം അങ്ങോട്ടേക്ക് താമസം മാറുകയായിരുന്നു.