തിരുവനന്തപുരം: എല്ലാ ദിവസവും പ്രാര്‍ഥിക്കുന്ന ദൈവത്തെ താന്‍ എന്തിന് ബിജെപിക്ക് വിട്ടുകൊടുക്കണമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രാമനെ ആരാധിക്കുന്നവരെല്ലാം അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ബിജെപി. ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ രാമനെ വിശ്വസിക്കുന്നവരുമുണ്ട്. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ എത്താത്തവരൊക്കെ ഹിന്ദുവിരുദ്ധരാണെന്നാണ് അവര്‍ ആരോപിക്കുന്നത്.
ഞാന്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തിപരമായ ഭക്തി പ്രകടിപ്പിച്ചതാണ്. രാമക്ഷേത്രത്തെ എതിര്‍ക്കുന്നില്ല. ആ ചടങ്ങിനെയാണ് എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ലോ കോളേജില്‍ കെ.എസ്.യു. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തശേഷം
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.
പ്രത്യേക മതത്തിനുവേണ്ടി താല്‍പര്യം കൊടുക്കാന്‍ പാടില്ല എന്നതാണ് മതേതരത്വത്തിന്റെ അര്‍ഥം. ഫെയ്സ്ബുക്കിലെ തന്റെ പ്രസ്താവന മതേതര വിശ്വാസികള്‍ക്ക് ഒരു മുറിവും ഉണ്ടാക്കുന്നതല്ലെന്നും തരൂര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ മാപ്പുപറയേണ്ട കാര്യമില്ല. അര്‍ഥമില്ലാത്തതും അടിസ്ഥാനമില്ലാത്തതും ആണ് ഈ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ജയ് ശ്രീരാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണ്. ഒരുപക്ഷെ പറയാനെളുപ്പം അതായിരിക്കാം. പക്ഷെ ഉത്തരേന്ത്യയില്‍ ഉള്ളവര്‍ ഗുഡ്മോണിങ്ങിന് പകരം ജയ് സിയാരാം എന്നാണ് പറയുക. സീതക്കൊപ്പമുള്ള രാമനെയാണ് എല്ലാവരും ആരാധിക്കുന്നത്. സീതയെ മനപൂര്‍വം ഒഴിവാക്കാന്‍ ശ്രമിക്കുന്നതുപോലെ. അതിനെതിരായാണ് തന്റെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല ഹിന്ദുക്കള്‍ക്കുമുള്ള ആഗ്രഹമാണ് രാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം വേണമെന്നത്. അതിനുവേണ്ടി ഒരു മുസ്ലിം പള്ളി പൊളിച്ചത് നല്ല കാര്യമല്ല എന്നാണ് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നത്. അയോധ്യയുടെ പ്രാധാന്യം മനസിലാക്കി മുസ്ലിം സമുദായംതന്നെ പള്ളി അന്തസോടെ മാറ്റിക്കൊടുത്തിരുന്നു എങ്കില്‍ എല്ലാവരും സന്തോഷിക്കുമായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പല ഹിന്ദുക്കളും അത് സ്വീകരിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമവിഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്ന് ശശി തരൂരിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തരൂരിന്റെ പ്രവൃത്തി മതേതര മൂല്യങ്ങള്‍ക്കെതിരാണെന്നായിരുന്നു എസ്എഫ്‌ഐയുടെ നിലപാട്.