കൊച്ചി: ഫുട്ബോൾ ആരാധകരുടെ പ്രിയ ടീം കേരള ബ്ലാസ്റ്റേഴ്സിന്‍റെ ടീം ബസിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തെന്ന വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ബ്ലാസ്റ്റേഴിസിന്‍റെ ടീം ബസിൽ അഞ്ച് നിയമലംഘനമാണ് കണ്ടെത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതോടെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ടീം ബസിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യേണ്ടി വന്നതെന്നും എം വി ഡി ഉദ്യോഗസ്ഥർ വിശദീകരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സര്‍വ്വീസ് നടത്താൻ പാടില്ലെന്നാണ് നിലവിലെ വിലക്ക്. നിയമലംഘനങ്ങൾ പരിഹരിച്ചാൽ ബ്ലാസ്റ്റേഴ്സ് ബസിന് വീണ്ടും ഓടിത്തുടങ്ങാം എന്ന് സാരം.
ബ്ലാസ്റ്റേഴ്സ് ബസിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ
ബസ്സിന്‍റെ ടയറുകൾ പോലും അപകടാവസ്ഥയിൽ ആയിരുന്നുവെന്നാണ് പ്രധാനപ്പെട്ട ഒരു കണ്ടെത്തൽ. എപ്പോൾ വേണമെങ്കിലും അപകടത്തിൽ പെടാവുന്ന നിലയിലായിരുന്നു പരിശോധന സമയത്ത് ബസിന്‍റെ ടയറിന്‍റെ അവസ്ഥ. വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലായിരുന്നെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും എം വി ഡി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മറ്റൊരു നിയമലംഘനം റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു എന്നതാണ്. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു നിയമലംഘനം. അപകടകരമായ നിലയിൽ സ്റ്റിക്കര്‍ പതിച്ചെന്ന നിയമലംഘനവും ബ്ലാസ്റ്റേഴ്സ് ബസിൽ കണ്ടെത്തിയെന്നും എം വി ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫിറ്റ്നസ് റദ്ദാക്കാൻ കാരണം ഇതെല്ലാമാണെന്നും അവർ വ്യക്തമാക്കി. ബസിന്‍റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുക്കേണ്ടി വന്നതെന്നും എം വി ഡി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെ മത്സരത്തിനായി പനമ്പിളി നഗറിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസിൽ പരിശോധന നടത്തിയത്. ആ സമയത്ത് താരങ്ങളുമായി പരിശീലനത്തിന് എത്തിയതായിരുന്നു ബ്ലാസ്റ്റേഴ്സ് ബസ്.