ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്ത കൈലാസ രാജ്യത്തിന്റെ പ്രിതിനിധി മാ വിജയപ്രിയ നിത്യാനന്ദയെ തിരയുകയാണ് നെറ്റിസൺസ് ഇപ്പോൾ. സ്വയം പ്രഖ്യാപിത ആൾദൈവവും നിരവധി ലൈംഗീകാതിക്രമക്കേസുകളിൽ പ്രതിയുമായ നിത്യാന്ദയുടെ കൈലാസ എന്ന സാങ്കൽപ്പിക ഹിന്ദു രാഷ്ട്രത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. മാ വിജയപ്രിയ നിത്യാനന്ദയാണ് ഐക്യരാഷ്ടസഭയുടെ യോഗത്തിൽ പങ്കെടുത്ത് വാർത്തകളിൽ ഇടംനേടിയത്.
യു.എന്നിലെ കൈലാസയുടെ സ്ഥിരം അംബാസഡറാണ് വിജയപ്രിയ എന്നാണ് അവകാശവാദം. ചുവന്ന സാരിയുടുത്ത് രുദ്രാക്ഷ മാലകളും ധരിച്ച് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇവരുടെ പ്രസംഗത്തിന് ശേഷം ആരാണ് ഈ സന്യാസിനി എന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. പേരിൻറെ അവസാനം നിത്യാനന്ദ എന്നുള്ളതുകൊണ്ട് തന്നെ നിത്യാന്ദയുടെ ഭാര്യയാണോ ഇവർ എന്നാണ് എല്ലാവരുടേയും സംശയം.
യു.എന്നിന്റെ പത്തൊമ്പതാമത് എക്കണോമിക്, സോഷ്യൽ ആന്റ് കൾച്ചറൽ റൈറ്റ്‌സ് യോഗത്തിലാണ് യുണൈറ്റഡ് കിംങ്ഡം ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തത്. ഹിന്ദുമതത്തിന്റെ പരമോന്നത പുരോഹിതനാണ് ശ്രീ നിത്യാനന്ദ് പരമശിവമെന്നും അദ്ദേഹം സ്ഥാപിച്ച കൈലാസമാണ് ലോകത്തിലെ ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രമാണെന്നും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾക്കുള്ള കമ്മിറ്റിയിൽ (CESCR) കൈലാസയുടെ പ്രതിനിധി പ്രസ്താവിച്ചു.
ആരാണീ മാ വിജയപ്രിയ നിത്യാനന്ദ
ഐക്യരാഷ്ട്ര സഭയിലെ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയുടെ സാന്നിദ്ധ്യത്തേക്കാളും ചർച്ചയായത് മാ വിജയപ്രിയ നിത്യാനന്ദയെക്കുറിച്ചാണ്. ‘കൈലാസ’യുടെ വെരിഫൈഡ് ഫേസ്ബുക്ക് അകൗണ്ട് പ്രകാരം വിജയപ്രിയ നിത്യാനന്ദയാണ് ഐക്യരാഷ്ട്രസഭയിലെ ‘കൈലാസ രാജ്യത്തിന്റെ’ സ്ഥിരം അംബാസഡർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി സ്വദേശിയെന്നാണ് വിജയപ്രിയ നിത്യാനന്ദ സ്വയം വിശേഷിപ്പിക്കുന്നത്. ‘നിത്യാനന്ദയുടെ രാജ്യമായ കൈലാസത്തിലെ നയതന്ത്രജ്ഞ’ എന്ന പദവിയും മാ വിജയപ്രിയ തന്നെയാണ് വഹിക്കുന്നത്. കൈലാസയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിജയപ്രിയ നിത്യാനന്ദ കൈലാസ രാജ്യത്തിനുവേണ്ടി സംഘടനകളുമായി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 22ന് ജെനീവയിൽ നടന്ന യു.എൻ പരിപാടിയിൽ വിജയപ്രിയക്ക് പുറമെ, മറ്റ് അഞ്ചപേരും കൈലാസയുടെ പ്രതിനിധികളായി എത്തിയിരുന്നു. കൈലാസയുടെ ചീഫ് മുഖ്തിത ആനന്ദ്, സന്യാസി മുഖ്യ ലൂയിസ് ചീഫ് സോനാ കാമത്ത്, യുകെ മേധാവി നിത്യ അത്മദായകി, ഫ്രാൻസ് മുഖ്യ നിത്യ വെങ്കിടേശാനന്ദ, സ്ലോവേനിയൻ അംബാസഡർ മാ പ്രിയംപര എന്നിവരും യു.എൻ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇവർ നിത്യാനന്ദയുടെ ചിത്രത്തിനടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും. ചിത്രത്തിന് മുന്നിൽ മുട്ടുകുത്തി നിൽക്കുന്നതിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിശദീകരണവുമായി ഐക്യരാഷ്ട്രസഭ
‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ പ്രതിനിധി യു.എൻ സമിതി യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ഐക്യരാഷ്ട്രസഭ. കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തവും ഔദ്യോഗിക രേഖയിൽ നിന്ന് ഒഴിവാക്കിയതുമാണെന്ന് യു.എൻ മനുഷ്യാവകാശ കമീഷണർ വ്യക്തമാക്കി. ആർക്കും രജിസ്റ്റർ ചെയ്യാവുന്ന യോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും കമീഷണർ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തില്‍ നടന്ന സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള (സി.ഇ.എസ്.ആർ) 19 -ാമത് യോഗത്തിന്‍റെ 73മത്തെ സെഷനില്‍ കൈലാസയുടെ പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിത പങ്കെടുത്തത്. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നുമാണ് മാ വിജയപ്രിയ യോഗത്തിൽ പറഞ്ഞത്.
കൈലാസയെ ‘ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. കൈലാസം സ്ഥാപിച്ചത് ഹിന്ദുമതത്തിന്‍റെ മഹാഗുരുവായ നിത്യാനന്ദ പരമശിവമാണെന്ന് മാ വിജയപ്രിയ അവകാശപ്പെട്ടു. ലോകത്തിലെ 150 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ രാജ്യത്തിന് എംബസികളും എന്‍ജിയോകളും ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.
കൈലാസ പ്രതിനിധി പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇയൻ കുമാർ എന്ന വ്യക്തിയും യോഗത്തിൽ പങ്കെടുത്തു. ഇവർ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ യു.എൻ വെബ്സൈറ്റിലും വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മാ വിജയപ്രിയയെ കാണാം. കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്നാണ് ഇവർ വിശേഷിപ്പിച്ചത്.
2019 മുതൽ പിടികിട്ടാപ്പുള്ളിയായ നിത്യാനന്ദ ബാലപീഡനവും ബലാത്സംഗവും അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകളിൽ നിന്ന് രക്ഷ നേടിയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഇയാൾ ‘കൈലാസ’ എന്ന രാജ്യം സൃഷ്ടിച്ചുവെന്നുള്ള വാർത്തകളും പുറത്ത് വന്നു. എന്നാൽ, നിത്യാനന്ദയെയോ രാജ്യത്തെയോക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല.
2010ല്‍ നിത്യാനന്ദക്കെതിരെ കർണാടക സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആശ്രമത്തിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ഗുജറാത്തിലും കേസുകള്‍ നിലവിലുണ്ട്. ഇതിനിടെയാണ് രാജ്യത്തിന്റെ പ്രതിനിധി യു.എൻ സമ്മേളനത്തിൽ പങ്കെടുത്തത്. 2022 ഒക്ടോബറിൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ദീപാവലി ആഘോഷത്തിൽ നിത്യാനന്ദയുടെ അനുയായിയെ ക്ഷണിച്ച സംഭവം വലിയ വിവാദമായിരുന്നു.